ഗസയിലെ ഇസ്രായേല്‍ കൂട്ടക്കൊല: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

ന്യൂഡല്‍ഹി: ഗസയിലെ ഇസ്രായേല്‍ അതിര്‍ത്തി വേലിക്കരികില്‍ ഒരുമിച്ചകൂടിയ നിരായുധരായ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേല്‍ സൈനിക നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ശക്തമായി അപലപിച്ചു.
ദിനേനയെന്നോണം ഫലസ്തീനികള്‍ കൂട്ടക്കൊലക്കിരയാവുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുമ്പോള്‍ അമേരിക്ക ഇസ്രായേലിന് നല്‍കുന്ന സാമ്പത്തിക, സൈനിക പിന്തുണ പതിറ്റാണ്ടുകളായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 2000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ഭാഗത്ത് ആള്‍നാശമൊന്നുണ്ടായില്ലെങ്കിലും പതിവ് പോലെ സ്വയംപ്രതിരോധമെന്ന പേരില്‍ ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രായേല്‍. എല്ലാ ഭാഗത്തു നിന്നും ഇസ്രായേല്‍ നിയന്ത്രിക്കുന്ന തുറന്ന ജയിലിലെന്ന പോലെ കഴിയാന്‍ വിധിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്.
അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ജറുസലേമിക്ക് മാറ്റാനുള്ള തീരുമാനത്തെയും ഇ അബൂബക്കര്‍ അപലപിച്ചു. ഇസ്രായേലുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥ വേഷം ചമയുന്ന അമേരിക്കയുടെ മറ്റൊരു ചതിയാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമായേ ഇതിനെ കാണാനാവൂ. ഇസ്രായേല്‍ അതിക്രമത്തിനെതിരേ യുഎന്നും അന്താരാഷ്ട്ര സമൂഹവും രംഗത്ത് വരണമെന്നും ഫലസ്തീനികളുടെ അവകാശങ്ങളും അഭിമാനവും തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

RELATED STORIES

Share it
Top