ഗവ. ഹോമിയോ ആശുപത്രിയുടെപ്രവര്‍ത്തനം അസൗകര്യങ്ങളുടെ നടുവില്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ ഗവ. ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം അസൗകര്യങ്ങളുടെ നടുവില്‍. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണു ഹോമിയോ ആശുപത്രി സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള ഈ കെട്ടിടം ഏതു സമയത്തും നിലംപൊത്താറായ അവസ്ഥയിലാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ നിന്നു തിരിയാന്‍ സൗകര്യമില്ലാത്ത മൂന്നു മുറികളിലായാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സ്ഥലപരിമിതി മൂലം രോഗികളും ഡോക്ടറും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇവിടെ ആവശ്യത്തിന് ശുചി മുറികളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.വൈദ്യുതീകരണം മുഴുവനും തകരാറാലായ നിലയിലാണ്. താഴെത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നുള്ള പുക ശല്യം മൂലം രോഗികള്‍ ദുരിതം നേരിടേണ്ടി വരുന്നു. പുക പടര്‍ന്ന് മരുന്ന് പായ്ക്കറ്റുകള്‍ മുഴുവനും കരിപിടിച്ച് അഴുക്കായ നിലയിലുമാണ്.വിവിധ സ്ഥലങ്ങളില്‍ നിന്നായി 100 കണക്കിന് രോഗികളാണ് ഇവിടെ ദിവസേന ചികില്‍സ തേടിയെത്തുന്നത്. ഇവര്‍ക്കു വേണ്ടി ഇരിപ്പിടം ഒരുക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കുട്ടികളുമായി എത്തുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ഹോമിയോ ആശുപത്രിയുടെ അസൗകര്യവും ബോധ്യപ്പെടുത്തി നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതില്‍ വലിയ പ്രതിഷേധത്തിലാണ് ജനങ്ങള്‍.

RELATED STORIES

Share it
Top