ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സീനിയോരിറ്റി തര്‍ക്കം പരിഹരിച്ചു

ആര്‍പ്പുക്കര: ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സീനിയോരിറ്റി തര്‍ക്കം പരിഹരിച്ചു.
സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ലഭിച്ച ശേഷം സര്‍വീസില്‍ പ്രവേശിച്ചവരെന്ന കാരണത്താല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ സീനിയര്‍ ഡോക്ടര്‍മാരാക്കാനും പിജിയില്ലാതെ സര്‍വീസ് ചെയ്തിരുന്ന സീനിയര്‍ ഡോക്ടര്‍മാരെ ജൂനിയര്‍ ഡോക്ടര്‍മാരാക്കാനും 2017ല്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ചില പിജി ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിന്നു ഉത്തരവു ഉണ്ടായത്. ഈ ഉത്തരവിനെതിരേ ഒരു സംഘം സീനിയര്‍ ഡോക്ടര്‍മാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനും പിന്നീട് ഹൈക്കോടതിയിലും കേസ് നല്‍കുകയുണ്ടായി.
ഇതിനെ തുടര്‍ന്നാണ് ഈ മാസം അഞ്ചിനു സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ വിധി ഉണ്ടായത്. നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായും, കേരള സര്‍വീസ് ചട്ടങ്ങള്‍ക്ക് അനുസരിച്ചും, (ആരോഗ്യ സര്‍വകലാശാലയ്ക്കു നിയമനങ്ങള്‍ നടത്താന്‍ പ്രത്യേക ചട്ടം ഇല്ലാത്തതിനാല്‍) ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം പാലിച്ചും പ്രമോഷന്‍ നടത്തുന്നതിനു നടപടി കൈക്കൊള്ളാന്‍, ആരോഗ്യ വിദ്യഭ്യാസ വകുപ്പിനോട് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സംസ്ഥാനത്തെ അര്‍ഹരായ 450 സീനിയര്‍ ഡോക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കുകയും ഇതില്‍ 250 ഡോക്ടര്‍മാരെ നേരില്‍ കണ്ടു തുടര്‍ നടപടിക്കുള്ള അനുമതി ഉറപ്പു വരുത്തുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു പ്രത്യേക ചട്ടം ഇല്ലാത്തതിനാല്‍ നിലവിലുള്ള പിഎസ്‌സി നിയമമനുസരിച്ച് പ്രമോഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേഡര്‍ അസി. പ്രഫസര്‍ തസ്തികയിലേക്ക് പിഎസ്‌സി സീനിയോരിറ്റിയും പിജിയും കൂടാതെ മൂന്നു വര്‍ഷത്തെ മെഡിക്കല്‍ കോളജിലെ പ്രവൃത്തി പരിചയം കണക്കിലെടുത്താണ് ഈ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുന്നത്.
ഇതു അതാത് ഡിപാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി കൂടിയോ അല്ലെങ്കില്‍ അവരുടെ അംഗീകാരത്തോടു കൂടിയോ ഒഴിവു വരുന്ന തസ്തികകളിലേക്ക് നിയമനം നടത്തുക എന്നതാണു നിലവിലെ ചട്ടം. ഇതനുസരിച്ചാണു സീനിയോരിറ്റി തര്‍ക്കം പരിഹരിച്ചത്.

RELATED STORIES

Share it
Top