ഗവ.മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന് അനുമതി

തിരുവനന്തപുരം: ഗവ.മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികില്‍സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ച സമഗ്ര ട്രോമ കെയര്‍ സംവിധാനത്തിന്റെ ആദ്യപടിയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഉടന്‍ തുടങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനാവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍  എന്നിവരെ ഉടന്‍ നിയമിക്കും. തിരുവനന്തപുരത്തിനു പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമ കെയര്‍ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിജയിച്ച ട്രോമ കെയറാണ് ഇവിടേയും നടപ്പാക്കുന്നത്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ ട്രോമ കെയര്‍ സംവിധാനം ഒരുക്കുക. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികില്‍സ ക്രമീകരിക്കുന്നത്. ഓപറേഷന്‍ തിയേറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിങ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിവിധ വിഭാഗങ്ങളിലെ സീനിയര്‍ റസിഡ ന്റുമാര്‍, ജൂനിയര്‍ റസിഡന്റുമാ ര്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിയോഗിക്കും. കൂടാതെ 50 ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയമിക്കാനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി 42 കോടി രൂപയുടെ പ്രൊപ്പോസലും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റേയും ട്രോമ കെയര്‍ സംവിധാനത്തിന്റേയും നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top