ഗവ.ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എക്യുപ്‌മെന്റ് ഓര്‍ഗനൈസേഷന് പുതിയ മന്ദിരം നിര്‍മിക്കാന്‍ 41.54 ലക്ഷം രൂപ അനുവദിച്ചുമൂവാറ്റുപുഴ: ഗ്രാമവികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ ഗവണ്‍മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എക്യുപ്‌മെന്റ് ഓര്‍ഗനൈസേഷന് പുതിയ മന്ദിരം നിര്‍മിക്കാന്‍ 41.54 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. മൂവാറ്റുപുഴ ഗവണ്‍മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എക്യുപ്‌മെന്റ് ഓര്‍ഗനൈസേഷന്റ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് ലഭിച്ച മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ എഎസും, ടിഎസും ലഭിച്ചിട്ടുണ്ടന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അടച്ച് പൂട്ടല്‍ ഭീഷണിയിലായിരുന്ന വര്‍ക്‌ഷോപ്പ് പുതിയ മന്ദിരം നിര്‍മിക്കുന്നതോടെ പുതുജീവന്‍ വച്ചിരിക്കുകയാണ്. കാലഹരണപെട്ട കെട്ടിടങ്ങള്‍, കാലപഴക്കം ചെന്ന മെഷിനറികള്‍, ആധുനീക സംവിധാനമുള്ള വാഹനങ്ങള്‍ നന്നാക്കുന്നതിന് സംവിധാനവും ഇവിടെയില്ല. 23തസ്തികകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്തിയിട്ടുള്ള ജനറല്‍ ഫോര്‍മാന്‍ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ള ജോലിക്കാര്‍ ദിവസ വേതനത്തില്‍ ജോലിചെയ്യുന്നത്. ഒഴിവുള്ള തസ്തികകള്‍  പിഎസ്‌സിക്ക് വിട്ട് സ്ഥിരനിയമനം നടത്തണമെന്നും നിയമനം, യോഗ്യത, പ്രമോഷന്‍ എന്നിവ കലോചിതമായി പരിഷ്‌കരിച്ച് സമഗ്രമായ സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കണമെന്നും എംഎല്‍എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.     ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ഓഫിസുകളിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 1970ല്‍ ആണ് ഗവ.ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എക്യുപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം 50സെന്റ് സ്ഥലത്താണ് വര്‍ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. 6.5ലക്ഷം രൂപയാണ്  വര്‍ക്‌ഷോപ്പിന് പ്രതിവര്‍ഷത്തെ ബഡ്ജറ്റ് അലോക്കേഷന്‍. എന്നാല്‍ സ്‌പെയര്‍ പാര്‍ട്‌സിന്റെ വില വര്‍ധനവ് കാരണം ഈ തുക ഒന്നിനും തികയാറില്ല. ഫണ്ടിന്റെ അപര്യാപ്തത മൂലം ഗ്രാമവികസന വകുപ്പ് കമ്മീഷണറേറ്റ്, എഡിസി എന്നീ ഓഫിസുകളുടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇവിടെ ഏറ്റെടുത്ത് നടത്തുന്നത്. വര്‍ക്് ഷോപ്പിന് പുതിയ മന്ദിരം നിര്‍മിക്കുന്നതോടെ അടച്ച് പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന മൂവാറ്റുപുഴയിലെ പ്രധാന പൊതുമേഖല സ്ഥാപനത്തിന് പുതുജീവന്‍ വച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top