ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ അനധികൃത പാര്‍ക്കിങ്്: പോലിസ് നിര്‍ദേശത്തിന് പുല്ലുവില

ആലത്തൂര്‍:ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ അനധികൃത പാര്‍ക്കിങ് വിദ്യാര്‍ഥിനികള്‍ക്ക് ബുദ്ധിമുട്ടാവുന്നതായി പരാതി. ഈ റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡ് വച്ച പോലിസ് നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ചാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥിനികള്‍ കടന്നുപോകുന്ന വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദുരിതമായി മാറുകയാണ്.
ദേശീയ മൈതാനത്തെ പുറമ്പോക്ക് ഭൂമിയില്‍ നിര്‍ത്തിയിടുന്ന പല വാഹനങ്ങളും ഈ റോഡിലും നിര്‍ത്തിയിടുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത വാര്‍ത്ത ശേഖരിക്കുന്നതിനായി  വാഹനങ്ങളുടെ ഫോട്ടോ എടുത്ത തേജസ് ലേഖകനെ ടാക്‌സി ഡ്രൈവര്‍മാര്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
ദേശീയ മൈതാനത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ടാക്‌സി വാഹനങ്ങള്‍ താലൂക്ക് ആശുപത്രി റോഡിലും, കോര്‍ട്ട് റോഡില്‍ നിന്ന് തിരിയുന്ന ഭാഗത്തും നിര്‍ത്തിയിടുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ കഴിയുന്നതുവരെ സ്‌കൂള്‍ റോഡിലെ പാര്‍ക്കിങ്് പൂര്‍ണമായും ഒഴിവാക്കാന്‍ പോലിസ് നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതരും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top