ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില അഞ്ചിരട്ടിയിലധികം

കബീര്‍  എടവണ്ണ

ദുബയ്: ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ വലിയ ഉള്ളിയുടെ വില അഞ്ചിരട്ടിയായി വര്‍ധിച്ചു. മണ്‍സൂണ്‍ കഴിഞ്ഞതിനു ശേഷവും കനത്ത മഴയെത്തുടര്‍ന്ന് കൃഷിനാശം സംഭവിച്ചതിനാലാണ് ഉള്ളിക്ഷാമം അനുഭവപ്പെടുന്നത്. ഉള്ളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകുന്ന ഈ സീസണില്‍ ഇപ്പോള്‍ ഒരു കിലോ ഉള്ളിക്ക് അഞ്ചു ദിര്‍ഹം വരെ നല്‍കണം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഒരു ദിര്‍ഹമിന് വിറ്റിരുന്ന ഉള്ളിക്കാണ് അഞ്ചിരട്ടിയിലധികമായി വില കൂടിയത്. ഒരു ലക്ഷം ദിര്‍ഹമിന് അഞ്ചു കണ്ടെയ്‌നര്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്ന തങ്ങള്‍ക്ക് ഇതേ വിലയ്ക്ക് ഒരു കണ്ടെയ്‌നര്‍ മാത്രമാണ് ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതെന്ന് അവീര്‍ മാര്‍ക്കറ്റിലെ ഉള്ളിയുടെ മൊത്തവിതരണക്കാരായ അല്‍ ശെയ്ഖ് ട്രേഡിങിന്റെ മാനേജറായ മുനീര്‍ കൊളത്തറ തേജസിനോട് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് കൂടുതല്‍ നിരക്കും നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഉള്ളിവില അഞ്ചിരട്ടിയിലധികമായതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്നുള്ള ഉള്ളിയും ഈ വര്‍ഷം മാര്‍ക്കറ്റില്‍ എത്തുന്നില്ല. ഈജിപ്ത്, ലബ്‌നാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉള്ളിയാണ് ഇപ്പോള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയില്‍ പ്രകൃതിക്ഷോഭം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നത് കാരണം 20 ശതമാനം കര്‍ഷകര്‍ ഉള്ളികൃഷിയില്‍ നിന്ന് പിന്‍വാങ്ങിയതും ഇന്ത്യയില്‍ ഉള്ളി ഉല്‍പാദനം കുറയാന്‍ കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top