ഗള്‍ഫ് പ്രതിസന്ധിയുടെ പിന്നാമ്പുറം

പശ്ചിമേഷ്യന്‍ കത്ത്  - ഡോ. സി  കെ അബ്ദുല്ല
മാമലനാടുകള്‍ മഴയില്‍ കുതിര്‍ന്നുനില്‍ക്കുമ്പോള്‍ ഇങ്ങ് ഗള്‍ഫ് പട്ടണങ്ങളില്‍ ചൂട് പല ദിവസങ്ങളിലും 50 ഡിഗ്രി കടക്കുന്നു. രാഷ്ട്രീയ പ്രതിസന്ധി മൂലം ഉടലെടുത്ത ശീതസമരവും  യുദ്ധസമാനമായ അന്തരീക്ഷവും ചൂടിനേക്കാള്‍ അസഹ്യമാണ്. ഒരു വര്‍ഷം മുമ്പ് രണ്ടു വലിയ ഗള്‍ഫ്‌നാടുകള്‍ സഹോദരരാജ്യത്തിനെതിരേ പ്രഖ്യാപിച്ച ഉപരോധം ഇന്നു തീരും, നാളെ തീരും എന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു.
അമേരിക്കയും റഷ്യയും ചില യൂറോപ്യന്‍ രാജ്യങ്ങളും ആയുധക്കച്ചവടത്തിലൂടെ വന്‍തോതില്‍ എണ്ണപ്പണം കൈക്കലാക്കി ഒന്നുകൂടി കൊഴുത്തതാണ് ഖത്തര്‍ ഉപരോധത്തിന്റെ പ്രധാന മിച്ചം. മേഖലയില്‍ ഏറ്റവും വലിയ സായുധശക്തിയാവാന്‍ രണ്ട് ഉപരോധരാജ്യങ്ങള്‍ മല്‍സരിക്കുമ്പോള്‍ ഉപരോധത്തിന് വിധേയരാവുന്നവര്‍ക്ക് സ്വയം പ്രതിരോധത്തിന് വേണ്ട ഒരുക്കങ്ങള്‍ പോലും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. റഷ്യയില്‍ നിന്ന് എസ്400 ദീര്‍ഘദൂര മിസൈല്‍ സ്വന്തമാക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചതോടെ, അത് സ്വന്തമാക്കിയാല്‍ ഖത്തറിനെ ആക്രമിക്കുമെന്ന് സൗദിഅറേബ്യയുടെ ഭീഷണി. ആക്രമണ ഭീഷണി ആദ്യത്തേതുമല്ല. കഴിഞ്ഞവര്‍ഷം റമദാന്‍മാസത്തില്‍ ഉപരോധം പ്രഖ്യാപിച്ചതിന്റെ മൂന്നാംനാളില്‍ ഖത്തറിനെ ആക്രമിക്കാനുള്ള പദ്ധതി നടക്കാതെപോയത് തുര്‍ക്കി അടക്കമുള്ള ചിലരുടെ ഇടപെടല്‍ കൊണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളോ സഹോദരബന്ധങ്ങളോ ഉപരോധരാജ്യങ്ങളുടെ താല്‍പര്യങ്ങളെ സ്വാധീനിക്കില്ലെന്നു വ്യക്തമാക്കുന്നതാണ് പ്രകടമാവുന്ന ആക്രമണോല്‍സുകത.
മികച്ച സാമ്പത്തികശേഷിയും കുറഞ്ഞ ജനസംഖ്യയുമുള്ള ഒരു പ്രദേശത്തെ ഉപരോധിച്ച് മുട്ടുകുത്തിക്കല്‍ എളുപ്പമല്ലെന്ന് തെളിയിക്കുകയാണ് ഖത്തര്‍. ഉപരോധത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ഉപരോധ രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നു നീക്കം ചെയ്തു. പകരം ഉല്‍പന്നങ്ങള്‍ നിറയ്ക്കാന്‍ നിര്‍ദേശം കൊടുത്തതിലൂടെ ഉപരോധത്തെ തങ്ങള്‍ പൂര്‍ണമായി അതിജീവിച്ചുവെന്ന് കാണിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്.
രാഷ്ട്രീയ മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ടതാണ് ഖത്തര്‍ ഉപരോധം. അറബ്‌ലോകത്ത് തങ്ങളുടെ രാജാധിപത്യത്തിന് ഭീഷണി ഉയരുന്നത് തടയല്‍ മാത്രമല്ല, മേഖലയിലെ മേല്‍ക്കോയ്മ തങ്ങള്‍ക്കായിരിക്കണമെന്നുള്ള സാമ്രാജ്യത്വ വാശി ഖത്തര്‍ ഉപരോധത്തിനു പിന്നിലുണ്ടെന്ന് കാണാം. ഏഴു വര്‍ഷം മുമ്പ്  ജനകീയ വിപ്ലവങ്ങളുണ്ടായ അറബ് പ്രദേശങ്ങളില്‍ തങ്ങളുടെ മേല്‍ക്കോയ്മ കൊണ്ടുവരാന്‍ രണ്ടു പ്രധാന ഉപരോധരാജ്യങ്ങളും ശ്രമിക്കുന്നത് പ്രകടമാണ്. തുണീസ്യയിലും ഈജിപ്തിലും തല്‍ക്കാലം വിജയിച്ചതും സിറിയയില്‍ പാളിപ്പോയതും ലിബിയയിലും യമനിലും നടപ്പാക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ മേല്‍ക്കോയ്മാ പദ്ധതികള്‍ മാത്രമല്ല, ഈയിടെയായി മൊറോക്കോ, ജോര്‍ദാന്‍ പ്രദേശങ്ങളില്‍ ഇവര്‍ നടത്തിയ കൈകടത്തലുകളിലും തെളിയുന്നത് മേല്‍ക്കോയ്മ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ്. 1995 മുതല്‍ ഖത്തര്‍ പുലര്‍ത്തുന്ന വേറിട്ട വിദേശനയവും മാധ്യമസമീപനങ്ങളും ഈ മേല്‍ക്കോയ്മയ്ക്ക് ഭീഷണിയാണെന്നതാണ് ഉപരോധത്തിന്റെ പ്രധാന ഹേതു. ഒരു പരിധിവരെ സ്വതന്ത്രവും അല്‍പം പുരോഗമനപരവുമായ സമീപനം കൈക്കൊള്ളുകയും അതിലൂടെ രാഷ്ട്രീയഭൂപടത്തില്‍ തങ്ങളുടെ സ്‌പേസ് നിര്‍ണയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ഖത്തര്‍ ഭരണകൂടത്തിന്റെ പ്രധാന അപരാധം. 1995 മുതല്‍ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പലപ്പോഴായി ഉപരോധരാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ഈയിടെ അല്‍ജസീറ പുറത്തുവിട്ടിരുന്നു.
ഫലസ്തീന്‍പോലുള്ള രാഷ്ട്രീയപ്രശ്‌നങ്ങളില്‍   ഇസ്രായേലിനും അമേരിക്കയ്ക്കും അനുകൂലമായി അറബ്താല്‍പര്യങ്ങള്‍ ഒറ്റുകൊടുക്കുന്ന സമീപനം ഉപരോധ രാജ്യങ്ങള്‍ കൈക്കൊള്ളുമ്പോള്‍, ഇത്തരം വിഷയങ്ങളിലെ ജനകീയവശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനപിന്തുണ നിലനിര്‍ത്തലാണ് ഖത്തര്‍ സ്വീകരിച്ച വഴി. അറബ് വിപ്ലവങ്ങളുടെ കാര്യത്തിലും ഗള്‍ഫ് മേഖലയെ ബാധിക്കാത്ത വിധം ഈ 'ജനങ്ങള്‍ക്കൊപ്പം' സമീപനമാണ് ഖത്തര്‍ പ്രകടമാക്കിയത്. ഈ നയം പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ മാധ്യമസ്ഥാപനം അടച്ചുപൂട്ടണമെന്ന്  ഉപരോധരാജ്യങ്ങള്‍ ഉപാധി വച്ചത് വെറുതെയല്ല.
പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്തിന്റെ വലിയൊരു ഭാഗം ദുര്‍വ്യയം ചെയ്ത് പടിഞ്ഞാറില്‍ നിന്ന് വാങ്ങിക്കൂട്ടുന്ന ആയുധശക്തിയുടെ അഹങ്കാരത്തില്‍ മാത്രം നിലകൊള്ളുന്ന മേല്‍ക്കോയ്മ, മേഖലയിലെ മുഴുവന്‍ രാജ്യങ്ങളും അംഗീകരിക്കണമെന്ന അഹന്തയുടെ പുതിയ ഇര മാത്രമാണ് ഖത്തര്‍. സമാനമായ അനുഭവം ഉണ്ടാവുമെന്ന ഭീഷണി കുവൈത്ത്, ഒമാന്‍ ഭരണകൂടങ്ങളോടും അവര്‍ പ്രകടിപ്പിക്കുന്നു.   സാമ്പത്തികശേഷി കുറഞ്ഞ അറബ് ഭരണകൂടങ്ങള്‍ ഇവരില്‍ നിന്ന് അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെ മറ്റൊരു ഉദാഹരണമാണ് മെറോക്കോ. 2026 ലോകകപ്പിന് വേദിയൊരുക്കാന്‍ മൊറോക്കോ ഭരണകൂടം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഉപരോധരാജ്യങ്ങളും അവരുടെ കല്‍പന അനുസരിക്കാന്‍ ബാധ്യസ്ഥരായ ചില അറബ് രാജ്യങ്ങളും എതിര്‍ത്തു വോട്ട് ചെയ്തതും 2022ലെ ലോകകപ്പിന് ഖത്തര്‍ വേദിയാവുന്നതിലെ അസഹ്യതയും രണ്ടല്ല. രാജഭരണമായ മൊറോക്കോയില്‍ അറബ്‌വസന്ത കാലയളവില്‍ വിപ്ലവനീക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഇടപെട്ട്, പൊതു തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റും ഇസ്‌ലാമിസ്റ്റ് ചായ്‌വുള്ള സര്‍ക്കാര്‍ രൂപീകരണവും അനുവദിച്ച് രാജാവ് കസേര കാത്തത് ഉപരോധ രാജ്യങ്ങളുടെ അപ്രീതി നേടിയിരുന്നു.
ജോര്‍ദാനില്‍ നികുതിപരിഷ്‌കാരങ്ങളുടെ പേരില്‍  നടന്ന ജനകീയ പ്രതിഷേധങ്ങളും സര്‍ക്കാര്‍ മാറ്റവുമെല്ലാം ഉണ്ടായതിനു പിന്നിലും ഇരു  ഉപരോധ രാജ്യങ്ങളുടെയും പങ്ക് അറബ് ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫലസ്തീന്‍ പ്രശ്‌നം കുഴിച്ചു മൂടാന്‍ ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്ന,  'ഡീല്‍ ഓഫ് സെഞ്ച്വറി' പദ്ധതിയുടെ ചുക്കാന്‍ ഏറ്റെടുക്കാനുള്ള സൗദി താല്‍പര്യത്തിന് മുന്നില്‍ തടസ്സം നില്‍ക്കുകയാണ് ജോര്‍ദാന്‍. ഫലസ്തീനോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല, ഹാഷിമേറ്റ് രാജഭരണത്തിന്റെ നിലനില്‍പ്പു തന്നെ ഖുദ്‌സ് പുണ്യഗേഹങ്ങളുടെ പരിപാലനത്തിന്റെ അഡ്രസ്സിലായതുകൊണ്ടാണ്. ഖുദ്‌സ് പുണ്യ ഗേഹങ്ങളുടെ പരിപാലന അവകാശത്തിന്റെ പേരില്‍ ഇബ്‌നു സൗദ് രാജവംശവും ഹാഷിമേറ്റ് രാജവംശവും തമ്മില്‍ കുടിപ്പക നിലനില്‍ക്കുന്നുണ്ട്.
സൗദി, യുഎഇ തമ്പുരാക്കന്മാരോട് പ്രതിഷേധം കാണിക്കാന്‍ ജോര്‍ദാന്‍ രാജാവ് ചില പ്രകടനങ്ങളും നടത്തി. അതോടെ ജോര്‍ദാന്‍ രാജാവിനെ മുട്ടുകുത്തിക്കാന്‍ ഭരണകൂടത്തിന് നല്‍കുന്ന സാമ്പത്തികസഹായം നിര്‍ത്തിവച്ചു. മറ്റു പോംവഴികളില്ലാതെ നികുതി വര്‍ധിപ്പിക്കാന്‍ ജോര്‍ദാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രജകളുടെ കഞ്ഞിയില്‍ മണ്ണിട്ട രാജാവിനെതിരേ ഇളക്കിവിടുന്ന കുടിലതന്ത്രം പക്ഷേ, വിജയിച്ചില്ല. ജോര്‍ദാനില്‍ ജനകീയസമരങ്ങള്‍ പരിധിവിട്ട് അതിര്‍ത്തി കടന്നേക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ തമ്പുരാക്കന്മാര്‍ തന്നെ രാജഭരണകൂടത്തിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
ഖത്തര്‍ ഉപരോധത്തിനു കാരണമായി ഉന്നയിക്കപ്പെട്ട ഇറാന്‍ ബന്ധം, മുസ്‌ലിം ബ്രദര്‍ഹുഡ് പിന്തുണ തുടങ്ങിയ ആരോപണങ്ങളെല്ലാം എത്ര പ്രഹസനമാണെന്ന് ഉപരോധ പ്രഖ്യാപനത്തിനുശേഷമുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഉപരോധത്തിന്റെ മറവില്‍ ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി, യുഎഇ രാജ്യങ്ങളിലെ സ്വന്തം കുടുംബങ്ങളിലേക്ക് സന്ദര്‍ശനം സാധ്യമല്ല. എന്തിനധികം, ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ പോലും വിലക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇതേ രാജ്യങ്ങള്‍ ഇറാനുമായി വ്യാപാരബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനില്‍ക്കുന്നു.
ബ്രദര്‍ഹുഡ് ബന്ധത്തിന്റെ കാര്യവും തഥൈവ. 1960കളില്‍ ഉയര്‍ന്നുവന്ന അറബ് ദേശീയതാവാദം രാജഭരണത്തിന്റെ അടിവേരറുക്കുമെന്ന് കണ്ടപ്പോള്‍ സൗദി ഭരണകൂടം ജമാല്‍ അബ്ദുന്നാസറിന്റെ വേട്ടയ്ക്ക് ഇരകളായിരുന്ന ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന് സൗദിഅറേബ്യയില്‍ ആതിഥ്യമൊരുക്കുകയായിരുന്നു. ഇന്ന് യമനില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ പോലും മുന്‍ പ്രസിഡന്റ് അലി സാലിഹ് വഞ്ചനാപൂര്‍വമായ സമീപനം കാരണം ഹൂഥികളാല്‍ വധിക്കപ്പെട്ടതോടെ അവിടെ ഇറാന്‍ സ്വാധീനം തടഞ്ഞുനോക്കാന്‍ സൗദി, യുഎഇ സഖ്യം  യമനിലെ ബ്രദര്‍ഹുഡ് മുന്നേറ്റത്തെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവരുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഇരു കിരീടാവകാശികളുമാണ്. ഗള്‍ഫ് പ്രതിസന്ധിയുടെ പിന്നാമ്പുറം സാമ്രാജ്യത്വ പിന്തുണയോടെ നടമാടുന്ന ട്രൈബല്‍ മേല്‍ക്കോയ്മയുടേതാണ്; കൂടുതലുമില്ല, കുറവുമില്ല.             ി

RELATED STORIES

Share it
Top