ഗര്‍ഭിണി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം; ഭര്‍ത്താവും പിതാവും റിമാന്‍ഡില്‍

താമരശ്ശേരി: ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പിതാവും റിമാന്‍ഡില്‍. കൂടരഞ്ഞി വെള്ളക്കട ജോജിയുടെ മകള്‍ സൗമ്യ(19) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കോടഞ്ചേരി മരുതിലാവ് ചിപ്പിലിത്തോട് കൊച്ചുപുരയല്‍ ജില്‍സ്, ജില്‍സിന്റെ പിതാവ് സണ്ണി എന്നിവരെയാണ് താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തത്.
ഒമ്പത് മാസം മുമ്പാണ് സൗമ്യയും ജില്‍സും തമ്മിലുള്ള വിവാഹം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സൗമ്യയെ ഭര്‍ത്താവിന്റെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് അവശയായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നാം ദിവസം മരിച്ചു. സൗമ്യയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്നുകാണിച്ച് മാതാപിതാക്കള്‍ താമരശ്ശേരി ഡിവൈഎസ്പിക്കും കോടഞ്ചേരി പോലിസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. വിവാഹ ശേഷം ഭര്‍തൃ വീട്ടില്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് സൗമ്യ പല തവണ പറഞ്ഞിരുന്നതായും മദ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
സൗമ്യക്ക് സ്വന്തം വിഷം ലഭിക്കാന്‍ സാധ്യതയില്ലെന്നും മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഗാര്‍ഹിക പീഡന നിയമ പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top