ഗര്‍ഭിണിയായ ഗായികയെ സംഗീത പരിപാടിക്കിടെ വെടിവച്ച് കൊന്നു

കറാച്ചി: പാകിസ്താനിലെ സിന്ധില്‍ ഗര്‍ഭിണിയായ നാടോടി ഗായികയെ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. 24കാരിയായ സമീന സമൂന്‍ എന്ന സമീന സിന്ധുവാണ് കൊല്ലപ്പെട്ടത്. ലര്‍ഖാന ജില്ലയിലെ കാംഗാ എന്ന ഗ്രാമത്തില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പാടാന്‍ എത്തിയതായിരുന്നു അവര്‍. എഴുന്നേറ്റു നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗായിക വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവരെ അക്രമി വെടിവച്ചുകൊല്ലുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
സമിന സിന്ധുവിന്റെ മരണത്തിന്റെ രംഗങ്ങളുള്ള വീഡിയോ ക്ലിപ് പാക് ടിവി 92 അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ അവര്‍ നിന്ന് പാടുന്നതാണു കാണുന്നത്. വെടിയേറ്റ് വീഴുന്നതും കാണാം. ഇസ്‌ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവ് ആണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്. താരീഖ് അഹ്മദ് ജാതോയ് എന്നയാള്‍ ഗായികയോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭിണിയായതിനാല്‍ നിന്ന് പാടാന്‍ ബുദ്ധിമുട്ടായതുകാരണം എഴുന്നേല്‍ക്കണമെന്ന ആവശ്യം ഗായിക നിരസിച്ചു. ഇതില്‍ പ്രകോപിതനായ ജാതോയ് അവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.ഗായികയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അവര്‍ മരണപ്പെട്ടിരുന്നു എന്നും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അക്രമിയെയും ഇയാളുടെ രണ്ട് സഹായികളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയെയും പിറക്കാനിരുന്ന കുഞ്ഞിനെയും കൊലപ്പെടുത്തിയതിന് പ്രതികള്‍ക്കെതിരേ ഇരട്ടക്കൊലപാതകത്തിന് കേസെടുക്കണമെന്ന് സമിനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top