ഗര്‍ഭിണിക്കു സീറ്റൊഴിയാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസ്സില്‍ സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെ മര്‍ദിച്ച് ബസ്സില്‍ നിന്ന് തള്ളി താഴെയിട്ട സംഭവത്തില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചിറക്കല്‍ സ്വദേശി ഉണ്ണികൃഷ്ണനെ(28)യാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി വി രാജനാ(50)ണു കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സില്‍ മര്‍ദനമേറ്റത്. ബസ്സില്‍ നിന്നു താഴെവീണ് പരിക്കേറ്റ രാജന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. രാജന്‍ ഭാര്യ സവിതയ്‌ക്കൊപ്പം സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെത്തിയപ്പോഴാണു തള്ളി താഴെയിട്ടത്. ബസ്സില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഇരുന്നുയാത്ര ചെയ്യുന്നവരോട് രാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചോദ്യം ചെയ്ത മൂന്നുപേര്‍ മര്‍ദ്ദിച്ച് തള്ളിയിട്ടെന്നാണു പരാതി. റോഡില്‍ വീണ ശേഷവും ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി യുവാക്കള്‍ മര്‍ദിച്ചെന്നാണു ആക്ഷേപം. വീഴ്ചയില്‍ നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ചതിനാല്‍ അബോധാവസ്ഥയിലായ രാജനെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഉണ്ണികൃഷ്ണനോടൊപ്പെ രാജനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട മറ്റു രണ്ടുപേരെ കണ്ടെത്താനും പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top