ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

ആര്‍പ്പൂക്കര: ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തെ തുടര്‍ന്ന് രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ ആരോഗ്യ മന്ത്രിയ്ക്കു പരാതി നല്‍കി. കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് കാരയ്ക്കല്‍ ഷിനുവിന്റെ ഭാര്യ ദിവ്യ സെബാസ്റ്റ്യന്‍ പ്രസവിച്ച കുട്ടിയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.ശനിയാഴ്ച രാത്രി 10ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ 11 ന് മെഡിക്കല്‍ കോളജിലെത്തിയ ദിവ്യയെ നിരീക്ഷണ മുറിയില്‍ കിടത്തി പരിശോധിച്ച ശേഷം രാത്രി ഏഴോടെ വീട്ടിലേക്ക് അയച്ചു. പിന്നീട് രാത്രി 10ഓടെ ദിവ്യക്ക് വയറുവേദന ശക്തമാവുകയും ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ പ്രസവ മുറിയുടെ സമീപത്തുള്ള പ്രഥമ ചികില്‍സ മുറിയില്‍ കിടത്തിയ ദിവ്യയെ പിന്നീട് 11ഓടെയാണ് പ്രസവ മുറിയിലേക്കു കയറ്റിയത്. പ്രാഥമിക ചികില്‍സാ മുറിയില്‍ കിടന്നപ്പോള്‍ വയറ്റില്‍ കുട്ടിയുടെ അനക്കമുണ്ടായിരുന്നതായി ദിവ്യ പറയുന്നു. ലേബര്‍ റൂമിലേക്കു കൊണ്ടുപോയപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തല കുറച്ചു ഭാഗം വെളിയിലേക്കു വന്നിരുന്നു. ഈസമയം പരിശോധിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ ചികില്‍സാ പിഴവാണ് നവജാത ശിശു മരിക്കാനിടയായതെന്ന് ദിവ്യയും ഷിനുവും പറയുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ  ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കാണാത്തതിനാല്‍ അടുത്ത ദിവസം നേരില്‍ കണ്ട പരാതി നല്‍കും. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് പിഴവില്ലെന്ന്   വകുപ്പ് മേധാവി ഇന്‍ചാര്‍ജ് ഡോ. സി പി വിജയന്‍ പറഞ്ഞു.

RELATED STORIES

Share it
Top