ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ക്കു വിലക്ക്: നടപടിയില്‍ കേന്ദ്രസര്‍ക്കാരിനു തിരിച്ചടി

ജയ്പുര്‍: പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തു വരെ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനു രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. നിരോധനത്തിന്റെ കാരണം വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.  കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ രാജസ്ഥാനിലെ ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. കേന്ദ്രത്തിന്റെ നടപടി പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നും കാപട്യം വെളിവാക്കുന്നതാണെന്നും എന്‍ജിഒ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.



ഈ മാസം പതിനൊന്നിനാണ് പകല്‍ സമയങ്ങളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യംവിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അശ്ലീലവും അനാവശ്യവുമായ വിവരങ്ങള്‍ കുട്ടികള്‍ കാണുന്നതും മനസിലാക്കുന്നതും ഒഴിവാക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പൂര്‍ണമായും മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം രാജ്യത്തെ എല്ലാ ചാനലുകള്‍ക്കുമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതോടെ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു വരെയുള്ള എട്ടു മണിക്കൂര്‍ നേരത്തേക്കു മാത്രമാണു ചാനലുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അശ്ലീലം അമിതമാണെന്നു കാട്ടി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഇത് പരിഗണിച്ചാണ് കേന്ദ്രം പരസ്യങ്ങള്‍ക്കു നിയന്ത്രിത നിരോധനം ഏര്‍പ്പെടുത്തിയത്.

നേരത്തെ, ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യ ഹോര്‍ഡിംഗുകള്‍ ഗുജറാത്തില്‍ സ്ഥാപിച്ചതിനെതിരേ തീവ്ര ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top