'ഗര്‍ജിക്കുന്ന സിംഹം' ഓര്‍മയായിട്ട് ഒരു വ്യാഴവട്ടം

പി സി  അബ്ദുല്ല
കോഴിക്കോട്: 'മെഹബൂബെ മില്ലത്തി'ന്റെ ഓര്‍മകള്‍ക്ക് ഇന്ന് 13ാം ആണ്ടറുതി. രാജ്യം ഹിന്ദുത്വ ഫാഷിസ്റ്റ് വെല്ലുവിളികളിലൂടെ  കടന്നുപോവുമ്പോള്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ അഭാവം പകരക്കാരനില്ലാത്ത ശൂന്യതയായി നില്‍ക്കുന്നു. കര്‍മോല്‍സുകത, പ്രതിബദ്ധത, പൊതു സ്വീകാര്യത തുടങ്ങിയ നേതൃ ഗുണങ്ങളെല്ലാം സേട്ട് സാഹിബിന് മാറ്റേകി. അഞ്ചരപ്പതിറ്റാണ്ട് നീണ്ട പൊതു ജീവിതത്തിനൊടുവില്‍, അധികാര രാഷ്ട്രീയത്തിന്റെ ക്രൂരഉപജാപം സുലൈമാന്‍ സേട്ടിനെ മുഖ്യധാരയില്‍ നിന്ന് നിര്‍ദയം പുറന്തള്ളി. എങ്കിലും അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ ചരിത്രത്തില്‍ മായാതെ കിടക്കുന്നു.
ഡല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ സേട്ട് സാഹിബ് രൂപംകൊടുത്ത രാഷ്ട്രീയപ്രസ്ഥാനം കാല്‍നൂറ്റാണ്ട് തികയുമ്പോഴും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. സേട്ട് സാഹിബിനോട് സിപിഎം കാട്ടിയ നീതികേടിന്റെ പ്രതീകം കൂടിയാണിത്.
ഇന്ദിരാഗാന്ധി മുതല്‍ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരേ പാര്‍ലമെന്റിലും പുറത്തും ഗര്‍ജിക്കുന്ന സിംഹം; അതായിരുന്നു സുലൈമാന്‍ സേട്ട്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്ക് കോട്ടംവരുത്തുന്ന കോ ണ്‍ഗ്രസ് സര്‍ക്കാരിന്റെ ബില്ല് പാര്‍ലമെന്റില്‍ പരസ്യമായി പറിച്ചെറിഞ്ഞ് സേട്ട് സാഹിബ് ഉയര്‍ത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ മുസ്‌ലിം നേതാക്കള്‍ അറസ്റ്റിലായ ഘട്ടത്തില്‍ ഡല്‍ഹിയിലെത്തിയ സുലൈമാന്‍ സേട്ട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദേവകാന്ത് ബറുവയെ കണ്ട് നേതാക്കളെ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. അല്ലാത്തപക്ഷം തന്നെ കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സേട്ടിന്റെ പ്രതിഷേധം കനത്തതോടെ ഇന്ദിരാഗാന്ധി നേരിട്ട് അനുനയശ്രമം നടത്തിയെങ്കിലും സേട്ട് സാഹിബ് വഴങ്ങിയില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ പിഎ ആയിരുന്ന ആര്‍ കെ ധവാന്‍ അറസ്റ്റിലായ മുസ്‌ലിം നേതാക്കളെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.
മുറാദാബാദ് പോലിസ് വെടിവയ്പിനെതിരേയും പിഎസിയുടെ അതിക്രമങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍  സാഹിബിന്റെ പോരാട്ടം ഇന്ത്യയിലെ പത്രങ്ങള്‍ മൂടിവച്ചു. മാധ്യമങ്ങളിലൂടെ വിഷയം ലോകമറിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം മുറുകി. മുറാദാബാദ് സംഭവം ആഗോളതലത്തി ല്‍ ഇന്ത്യക്കുണ്ടാക്കിയ ദുഷ്‌പേര് മാറ്റാന്‍ വിദേശയാത്ര നടത്തണമെന്ന് ഇന്ദിരാഗാന്ധിയുടെ  നേരിട്ടുള്ള ആവശ്യവും സാഹിബ് നിരസിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സേട്ട് ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കള്‍ പ്രധാനന്ത്രി നരസിംഹറാവുവിനെ കാണാന്‍ പോയെങ്കിലും പലതവണ ഒഴിഞ്ഞുമാറിയ ശേഷമാണ് റാവു മുസ്‌ലിം നേതാക്കളെ കണ്ടത്. അലീമിയാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിക്കവെ, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് തന്നെ ചതിക്കുകയായിരുന്നെന്ന് നരസിംഹറാവു വിശദീകരിച്ചു. കല്യാണ്‍സിങല്ല താങ്കളാണ് രാജ്യത്തെയും ജനങ്ങളെയും ചതിച്ചതെന്നു പറഞ്ഞ് സേട്ട് സാഹിബ് പൊട്ടിത്തെറിച്ചു. ബാബരി ദുരന്തം ഒരര്‍ഥത്തില്‍ സാഹിബിന്റെ രാഷ്ട്രീയ ജീവിതത്തിലും മറ്റൊരു ദുരന്തമായി. പള്ളി തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ്സുമായി ബന്ധം വിച്ഛേദിക്കണമെന്ന സേട്ടിന്റെ നിലപാട് മുസ്‌ലിം ലീഗ് നേതൃത്വം അനുസരിച്ചില്ല. ആനയിച്ചവര്‍ തന്നെ അദ്ദേഹത്തെ ഉപേക്ഷിച്ചു.
ബദല്‍ സമുദായ രാഷ്ട്രീയം എന്ന സ്വപ്‌നവുമായി 1994 ഏപ്രില്‍ 22ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചു. സാഹിബിനെ ആവോളം പ്രോ ല്‍സാഹിപ്പിച്ച സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്റെ പുതിയ രാഷ്ട്രീയബദലിനൊപ്പം ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഐഎന്‍എല്‍ ഇടതുമുന്നണിയുടെ പടിക്കു പുറത്തു തന്നെയാണ്. സേട്ട് സാഹിബിന്റെ ചരമ ദിനത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന ഐഎന്‍എല്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു കോഴിക്കോട്ട് തുടക്കം കുറിക്കും. ഒരുവര്‍ഷംകൊണ്ട് 25 ഭവനരഹിതര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളാണ് പാര്‍ട്ടി ആവിഷ്‌കരിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top