ഗദ്ദികയുടെ മറവില്‍ നികത്തിയത് ഒരേക്കര്‍ വയല്‍

പത്തനാപുരം: 'ഗദ്ദിക 'എന്ന സര്‍ക്കാര്‍ പരിപാടിയുടെ മറവില്‍ ഭൂമാഫിയ മണ്ണിട്ട് നികത്തിയത് ഒരേക്കര്‍ വയല്‍. മഞ്ചള്ളൂര്‍ ഏലായാണ് കരഭൂമിയാക്കി മാറ്റികൊണ്ട് വന്‍കച്ചവടം ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് രൂപയ്ക്കാണ് വയല്‍ മറിച്ചു വില്‍ക്കാന്‍ സ്വകാര്യ വ്യക്തി പദ്ധതി തയ്യാറാക്കുന്നത്.
പത്തനാപുരം-  കുന്നിക്കോട് പാതയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിന് സമീപത്തായാണ് വയല്‍ സ്ഥിതിചെയ്യുന്നത്. കൃഷി ചെയ്യാതെ മണ്ണിട്ട് നികത്തുക എന്ന ലക്ഷ്യത്തോടെ ഉടമ ഇത് കാലങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഗോത്രകലകളുടെയും പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെയും മേളയായ ഗദ്ദിക- 2017  പത്തനാപുരത്ത് വച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . തരിശുകിടക്കുന്ന വയല്‍ മേള നടത്താനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ നൂറിലധിം ലോഡ് മണ്ണാണ് ആദ്യഘട്ടത്തില്‍ നികത്താനായി ഉപയോഗിച്ചത്.എസ്‌കവേറ്റര്‍ കൊണ്ട് നിരത്തി മൈതാനമാക്കി മാറ്റി. മേള ആരംഭിച്ചങ്കിലും നികത്തിയ വയലില്‍ പൂര്‍ണമായും വെള്ളം കയറിയതിനെതുര്‍ന്ന് ലോഡ് കണക്കിന് മെറ്റിലുകളും പിന്നീട് കൊണ്ട് വന്ന് നിരത്തിയിരുന്നു. മേള അവസാനിച്ച് ആറുമാസത്തിന് ശേഷം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് ഫെസ്റ്റ് കൂടി വയലില്‍ വച്ച് നടത്തിയതോടെ വയല്‍ കരഭൂമിയായി മാറുകയായിരുന്നു. ഇതിന് പിന്നില്‍ പ്രദേശത്തെ ജനപ്രതിനിധിയുടെ ഇടപെടലും ഉണ്ടായിരുന്നു.
ഒരു കാലത്ത് മലയോര മേഖലയിലെ വലിയ നെല്‍പാടങ്ങളിലൊന്നായിരുന്നു മഞ്ചള്ളൂര്‍ ഏല. ഭൂമാഫിയകള്‍ കച്ചവടം ലക്ഷ്യമിട്ട് വയല്‍ നികത്താന്‍ തുടങ്ങിയതോടെ സമീപത്തെ വീടുകളില്‍ ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ്. മണ്ണിട്ട് നികത്തിയവര്‍ക്കെതിരേ റവന്യൂവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

RELATED STORIES

Share it
Top