ഗതാഗത മേഖലയ്ക്ക് ഉപയോഗപ്പെടുത്താതെ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ്

ആനക്കര: ഗതാഗതം, കുടിവെള്ളം എന്നിവ പ്രാഥമിക ലക്ഷ്യമായി കണ്ട് നിര്‍മിച്ച വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ വളര്‍ച്ച പ്രാപിക്കാതെ ഗതാഗത മേഖല. 2006ല്‍ ഉദ്ഘാടനം ചെയ്ത പദ്ധതി പത്തുവര്‍ഷം കഴിഞ്ഞിട്ടും വിഭാവനം ചെയ്ത പദ്ധതികള്‍ പലതും പാതിവഴിയിലാണ്. പദ്ധതി വിഭാവനം ചെയ്ത സമയത്ത് മുന്‍ഗണന നല്‍കിയിരുന്ന ഗതാഗത മേഖലയില്‍ ഇതുവരെയും കാര്യമായ വളര്‍ച്ച നടന്നിട്ടില്ല. പാലം വന്നതോടെ പുതിയ ഗതാഗത സാധ്യതകള്‍ തുറന്നെങ്കിലും അവ ഉപയോഗപ്പെടുത്താനോ വികസിപ്പിക്കാനോ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും നടപടികളായിട്ടില്ല.
കുന്നംകുളത്ത് നിന്ന് വെള്ളിയാങ്കല്ല്, വളാഞ്ചേരി വഴി കോഴിക്കോട്ടേക്ക് 11 കിലോമീറ്ററിലധികം ലാഭിക്കാമെന്നതാണ് വെള്ളിയാങ്കല്ല് വന്നതോടെയുള്ള മെച്ചം. 2006ല്‍ പദ്ധതി ഉദ്ഘാടന സമയത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം ബസ് സര്‍വീസ് പുനരാരംഭിക്കാമെന്ന വ്യവസ്ഥയില്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് പലപ്പോഴായി ബസ് സര്‍വീസ് പുനരാരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍ത്തിവച്ചു. നിലവില്‍ ഒരു സ്വകാര്യ ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. മുടങ്ങി കിടക്കുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസടക്കം കൂടുതല്‍ സര്‍വീസുകള്‍ ഈ റൂട്ടിലൂടെ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും ഇത് കൂടുതല്‍ ഉപകാരപ്രദമാവും. അതേ സമയം പാലത്തിലൂടെ കെഎസ്ആര്‍ടി സര്‍വീസ് നടത്തുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കെഎസ്ആര്‍ടിസി വകുപ്പ് അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചമ്രവട്ടം പ്രൊജക്ട് എക്‌സി.എന്‍ജിനീയര്‍  പറഞ്ഞു.

RELATED STORIES

Share it
Top