ഗതാഗത പരിഷ്‌ക്കാരത്തെ ചൊല്ലി മഞ്ചേരിയില്‍ സമരക്കളമൊരുങ്ങുന്നു

മഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ച് മഞ്ചേരിയില്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കുന്നത് ആര്‍ടിഎ ഈ മാസം പത്തിന് പരിഗണിക്കാനിരിക്കെ ഇതേച്ചൊല്ലി വിവിധ സംഘടനകള്‍ പ്രക്ഷോഭ പാതയിലേക്ക്.
ബസുടമകളും ടൗണ്‍ സംരക്ഷണ സമിതിയും സമര പ്രഖ്യാപനവുമായി രംഗത്തുണ്ട്. ഗതാഗത പരിഷ്‌ക്കാരം അടിച്ചേല്‍പ്പിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി ഘടകവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗതാഗത പരിഷ്‌ക്കാരമില്ലെങ്കില്‍ ജീവിത പ്രതിസന്ധിയിലാവുമെന്ന വാദവുമായി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ മുറികള്‍ വാടകക്കെടുത്ത സ്ഥാപനയുടമകളും രംഗത്തു വന്നിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം നഗരത്തില്‍ നടപ്പാക്കിയാല്‍ സര്‍വീസ് നിര്‍ത്തിവെച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി. പുതിയ തീരുമാനം നടപ്പായാല്‍ മിക്ക ബസുകള്‍ക്കും ഇന്ധന ചെലവു വര്‍ധിക്കും.
സമയം പാലിക്കാതെ വരുന്നതിനാല്‍ മുഴുവന്‍ ട്രിപ്പുകളും പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ബസുടമകളുടെ പക്ഷം. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, എളങ്കൂര്‍, ആമയൂര്‍ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാന്റില്‍ നിന്നും കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് സമര സമിതി യോഗം വ്യക്തമാക്കി.
പുതിയ ശുപാര്‍ശകള്‍ നടപ്പായാല്‍ മെഡിക്കല്‍ കോളജിലേക്ക് വരുന്ന രോഗികളും വിദ്യാര്‍ഥികളുമടക്കമുള്ള യാത്രക്കാര്‍ വലയും. നഗരത്തിലെ ബസ് സര്‍വീസ് ഇപ്പോഴുള്ളതുപോലെ നിലനിര്‍ത്തണം. ഗതാഗത പരിഷ്‌ക്കാരം അടിച്ചേല്‍പിക്കുകയാണെങ്കില്‍ തീരുമാനം നടപ്പാവുന്ന ദിവസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രക്ഷോഭമാരംഭിക്കാനും സമര സമിതി തീരുമാനിച്ചു.
പി മുഹമ്മദ് എന്ന നാണി അധ്യക്ഷത വഹിച്ചു. പി കെ മൂസ, ഹംസ ഏരിക്കുന്നന്‍, കെ വി അബ്ദുറഹിമാന്‍, പക്കീസ കുഞ്ഞിപ്പ, ഒ വി മാനു കുരിക്കള്‍, എം രായിന്‍കിട്ടി സംസാരിച്ചു. ഗതാഗത പ്രശ്‌നങ്ങളേതും നിലവിലില്ലെന്നിരിക്കെ, മഞ്ചേരിയില്‍ വീണ്ടും ഗതാഗത പരിഷാക്കാരം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ടൗണ്‍ സം രക്ഷണ സമിതിയും ആവശ്യപ്പെട്ടു. ഇല്ലാത്ത പ്രശം പെരുപ്പിച്ചുകാട്ടി സ്ഥാപിത താല്‍പര്യക്കാര്‍ക്കു വേണ്ടിയാണ് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ഗതാഗത രീതിയില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നത്. വസ്തുതകള്‍ കണ്ടില്ലെന്നു നടിച്ച് പരിഷ്‌ക്കാര തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ജനപ്രതിനിധികളേയും യാത്രക്കാരേയുമടക്കം സംഘടിപ്പിച്ച് പ്രക്ഷേഭമാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അശോക്മുമാര്‍ അധ്യക്ഷനായിരുന്നു.
ഇ കെ ചെറി, വാപ്പു അറ്റാന, ബാബു കാരാശേരി, വി എം സലിം, വി ജബ്ബാര്‍, ഫൈസല്‍ തുറക്കല്‍, നാസര്‍ മേലാക്കം, പി വി എം ഷാഫി, ബഷീര്‍ വരീക്കോടന്‍, ശിഹാബ് തട്ടയില്‍, സംസാരിച്ചു. അതേസമയം കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റ് സജീവമാക്കാന്‍ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബസ് ടെര്‍മിനലില്‍ മുറികള്‍ വാടകക്കെടുത്ത് കച്ചവടം ആരംഭിച്ചവര്‍. കച്ചേരിപ്പടി സ്റ്റാന്റില്‍ ബസികള്‍ കയറിയിറങ്ങുന്ന സ്ഥിതി മാത്രമാണ് നിലവിലേത്. സര്‍വീസുകള്‍ ആരംഭിക്കും വിധം സ്റ്റാന്റിനെ മാറ്റാതെ യാത്രക്കാര്‍ ഇവിടേക്കെത്തില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

RELATED STORIES

Share it
Top