ഗതാഗത പരിഷ്‌ക്കാരം: പോലിസിന് പിടിവാശിയില്ല-റൂറല്‍ എസ്പി

ആലുവ: ആലുവ നഗരത്തില്‍ നടപ്പില്‍ വരുത്തിയ വണ്‍വേ ഗതാഗത പരിഷ്‌ക്കാരത്തില്‍ ഭേദഗതികള്‍ വരുത്താന്‍ രേഖാമൂലം കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ പോലിസ് മേധാവി എ വി ജോര്‍ജ്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷ രേഖാമൂലം ആവശ്യപെട്ടാല്‍ ഫോര്‍വീലറുകളും ത്രീവീലറും ടു വീലറുകള്‍ക്കും ഇളവ് അനുവദിക്കുന്നതിനോ പരിഷ്‌കാരം പിന്‍വലിക്കാനോ തയ്യാറാണെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്    അറിയിച്ചു. എന്നാല്‍ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയായ നഗരസഭാധ്യക്ഷ ഇതുവരെ  രേഖാമൂലം ഒരു ഭേദഗതിയും ആവശ്യപെട്ടിട്ടില്ലെന്നും റൂറല്‍ എസ്പി പറഞ്ഞു. ഗതാഗത പരിഷ്‌കാരം നിലനിര്‍ത്താന്‍ താന്‍ നിര്‍ബദ്ധം പിടിക്കുന്നുവെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശം നടപ്പാക്കാന്‍ പോലിസിന് നിയമപരമായ ബാധ്യതയുള്ളതിനാലാണ് നടപ്പാക്കിയത്. വണ്‍വേ നടപ്പാക്കിയ ശേഷം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സ്വമേധയാ ചില ഇളവുകള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ  നല്‍കിയ ഇളവുകള്‍ പോലും കമ്മിറ്റി രേഖാമൂലം ആവശ്യപെട്ടിട്ടല്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പോലിസ് സ്വമേധയാ നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ഗതാഗത പരിഷ്‌കാരം ആലുവയ്ക്ക് അനുയോജ്യമല്ലെന്ന് കണ്ട് തടഞ്ഞ് വച്ചതാണ്. ഒന്നര മാസം പിന്നിടുമ്പോഴും ഗതാഗത പരിഷ്‌കാരത്തോടൊപ്പം നടപ്പാക്കുമെന്ന് ഉറപ്പു നല്‍കിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്കായിട്ടില്ല. നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ നല്‍കുന്ന കാര്യത്തിലെ പുരോഗതി സംബന്ധിച്ച് റൂറല്‍ എസ്പി നഗരസഭാധ്യക്ഷയോട് വിവരം ആരാഞ്ഞിരുന്നു. എന്നാല്‍ നഗരത്തിലോടാന്‍ അനുവാദമുള്ള ഓട്ടോകളുടെ കണക്ക് പോലും ആര്‍ ടി ഓഫിസില്‍ നിന്ന് ഇതുവരെ നഗരസഭ എടുത്തിട്ടില്ല. അശാസ്ത്രീയ പരിഷ്‌കാരം നടപ്പാക്കി ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം പോലിസിനെ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് നഗരസഭാധ്യക്ഷയും എംഎല്‍എയുമെന്ന് നാട്ടുകാരുടെ ആരോപണം ശരിവയ്ക്കുന്നതാണ് റൂറല്‍ പോലിസ് മേധാവിയുടെ വെളിപ്പെടുത്തല്‍. ആദ്യഘട്ടത്തില്‍ പരിഷ്‌ക്കാരത്തെ പിന്തുണച്ചവര്‍ പോലും നഗരവാസികളുടെ ദുരിതം കണ്ട് പരിഷ്‌ക്കാരത്തിനെതിരേ രംഗത്തെത്തിയിരുന്നു. ശനിയാഴ്ച്ച നടന്ന താലൂക്ക് വികസന സമിതി യോഗവും പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അശാസ്ത്രീയ ഗതാഗതപരിഷ്‌ക്കാരത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.പദ്മശ്രീ ടോണി ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികളും കോണ്‍ഗ്രസ് ആലുവ ടൗണ്‍, തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റിയും പരിഷ്‌ക്കാരത്തിനെതിരേ രംഗത്തെത്തി. തുടക്കം മുതല്‍ ആലുവ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സിപിഎം, ബി ജെപി, എസ്ഡിപിഐ, കേരള കോണ്‍ഗ്രസ്, എന്‍സി പി, ജനതാദള്‍, സിഐടിയു, ബിഎംഎസ് മുതലായ സംഘടനകളെ ഉള്‍പ്പെടുത്തി സംയുക്ത സമരസമിതി രൂപീകരിച്ച് സമരരംഗത്ത് ശക്തമാണ്.

RELATED STORIES

Share it
Top