ഗതാഗത നിയമലംഘനം: ടിപ്പര്‍ ലോറികള്‍ക്ക് എതിരേ നടപടി ശക്തമാക്കുന്നു

എസ് ഷാജഹാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിക്കുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരേ നടപടി ശക്തമാക്കി പോലിസ്. ടിപ്പര്‍ ലോറികള്‍ ഉണ്ടാ ക്കുന്ന അപകടങ്ങളില്‍ നിരവധി കുട്ടികള്‍ മരണപ്പെടുകയും ഒട്ടേറെ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണു നടപടി ശക്തമാക്കുന്നത്.
പത്തനംതിട്ടയില്‍ നടത്തിയ പരിശോധനയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ 177 ടിപ്പര്‍ ലോറികള്‍ പരിശോധനയ്ക്കു വിധേയമാക്കുകയും നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഇത്തരത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിപ്പര്‍ ലോറികള്‍ മൂലം അപകടങ്ങള്‍ക്കിരയാവുന്ന കുട്ടികളുടെ 2015 മുതലുള്ള കണക്കുകളാണ് വിശകലനവിധേയമാക്കിയത്. 2015 മുതല്‍ ഇതുവരെ ടിപ്പര്‍ ലോറി മുഖേനയുണ്ടായ 129 അപകടങ്ങളിലായി 41 കുട്ടികള്‍ മരിക്കുകയും 67 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 51 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഷം തിരിച്ചുള്ള കണക്കിങ്ങനെ: 2015ല്‍ 45 ടിപ്പര്‍ ലോറി അപകടങ്ങളില്‍ 21 കുട്ടികള്‍ മരിക്കുകയും 19 പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും 14 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ല്‍ 39 അപകടങ്ങളിലായി അഞ്ചു പേര്‍ മരിക്കുകയും 24 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 20 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. 2017ല്‍ 30 അപകടങ്ങളിലായി 10 പേര്‍ മരിക്കുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 10 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം നിയമം ലംഘിച്ചോടുന്ന ടിപ്പര്‍ ലോറികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നിട്ടും മെയ് മാസം വരെ 15 അപകടങ്ങളിലായി അഞ്ചുപേര്‍ മരിക്കുകയും എട്ടുപേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ഏഴുപേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സുരക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ സമയങ്ങളിലും മറ്റും ടിപ്പര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കുക, ലോറികളുടെ ഫിറ്റ്‌നസ് സംബന്ധിച്ച പരിശോധനകള്‍ നടത്തുക, ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗതാഗതനിയമം സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്്‌നാഥ് ബെഹ്്‌റ പറഞ്ഞു.

RELATED STORIES

Share it
Top