ഗതാഗതക്കുരുക്ക്‌ : കെഎംആര്‍എല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് - ജിസിഡിഡബ്ല്യൂകൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് പാലാരിവട്ടത്ത് അവസാനിപ്പിക്കുന്നതു കാരണം മാമംഗലം മുതല്‍ സ്റ്റേഡിയം വരെ വല്ലാതെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും ഇതിന് പരിഹാരം കണ്ടെത്താന്‍ കെഎംആര്‍എല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് വാച്ച് കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. ഒരു ഡെസ്റ്റിനേഷന്‍ പോയന്റിലാണ് ഇത്തരം യാത്രകള്‍ അവസാനിപ്പിക്കേണ്ടതെന്ന അടിസ്ഥാനതത്വം പാലിക്കാതെ വന്നതും അനിവാര്യമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ സ്റ്റേഷനുകളില്‍ തയ്യാറാക്കാതെ വന്നതുമാണ് പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയത്. ഇക്കാര്യം ജിസിഡിഡബ്ല്യൂ ഉള്‍പ്പെടെയുള്ള പല പ്രസ്ഥാനങ്ങളും മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചിരുന്നതുമാണ്. എറണാകുളം കോളജ് ഗ്രൗണ്ടുവരെയുള്ള മെട്രോ റെയില്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തി ല്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ സര്‍വീസ് അവിടംവരെ നീട്ടാനും പ്രധാന സ്റ്റേഷനുകളിലെങ്കിലും യാത്രക്കാരുടെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിക്കണമെന്നും ജിസിഡിഡബ്യു ആവശ്യപ്പെട്ടു. പാലാരിവട്ടത്തു വന്നിറങ്ങുന്ന യാത്രക്കാര്‍ തുടര്‍യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം വല്ലാത്ത ബുദ്ധിമുട്ടിലാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി ജോര്‍ജ് കാട്ടുനിലത്ത്, സപ്പാണി മുത്തു, പി എ ഷാനവാസ്, അഡ്വ. മേരിദാസ് കല്ലൂര്‍, വി ജെ പൈലി, സെബാസ്റ്റ്യന്‍ വടശ്ശേരി, പി ജെ മാത്യു, ഷാജി സുരേന്ദ്രന്‍, സ്റ്റാന്‍ലി പൗലോസ് സംസാരിച്ചു.

RELATED STORIES

Share it
Top