ഗതാഗതക്കുരുക്കില്‍ തൃശൂര്‍ നഗരം; റോഡുകളില്‍ കുരുക്കൊഴിയുന്നില്ല

തൃശൂര്‍: പൂരത്തിരക്കിനിടയില്‍ ടാറിംഗ് നടത്തുന്നത് ജനങ്ങള്‍ക്ക് ദുരിതമായി. പൂരത്തിന് മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ ബ്ലോക്ക് ചെയ്ത് ടാറിംഗ് നടത്തുന്നത്.
സ്വരാജ് റൗണ്ടിലെ വാഹനത്തിരക്കിനൊപ്പം സമാന്തരറോഡുകളിലെ തടസവും കൂടിയായതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഗതാഗത കുരുക്കിലായി. മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ചാണ് അടിയന്തിര ടാറിടല്‍. തിരക്കിനിടയില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലും അറ്റകുറ്റപ്പണി നടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. തൃശൂര്‍-കുന്നംകുളം റോഡിലും തൃശൂര്‍-പാലക്കാട് റോഡിലും ഗതാഗത കുരുക്ക് രൂക്ഷമാണ്.
തൃശൂര്‍-കുന്നംകുളം റോഡില്‍ കേച്ചേരി, മുതുവറ, ശോഭാ സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. മുതുവറയില്‍ ടൈല്‍ പതിക്കുന്നത് ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രാ ക്ലേശത്തിന് ഇടയാക്കുന്നത്. തിരക്കേറിയ പാതയില്‍ ഒരു ഭാഗത്ത് കൂടി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. വിഷുവിന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പൂരം അടുത്തിട്ടും ടൈല്‍ പതിക്കല്‍ പൂര്‍ത്തിയായിട്ടില്ല. പൂരം അടുത്തതോടെ തൃശൂരിലേക്കുള്ള വാഹന ഗതാഗതം ഏറിയതോടെ മണിക്കൂറുകളാണ് ഇവിടെ ഗതാഗതം സ്തംഭിക്കുന്നത്.

RELATED STORIES

Share it
Top