ഗതാഗതക്കുരുക്കിനിടെ പോലിസ് പരിശോധന

കുന്ദമംഗലം: ഗതാഗത കുരുക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന കുന്ദമംഗലത്ത് നടു റോഡില്‍ വാഹനം നിര്‍ത്തി പോലീസ് പരിശോധന നടത്തുന്നത് വാഹങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. സ്‌കൂള്‍ വിടുന്ന സമയം നോക്കി പരിശോധനക്കെത്തുന്ന പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരാണ് കുന്ദമംഗലം പഴയ ബസ്സ്റ്റാന്റില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലത്ത് വാഹനം നിര്‍ത്തി പരിശോധന നടത്തുന്നത്. കുന്ദമംഗലത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി  രണ്ടു മാസം മുമ്പ് പോലീസ് ഉദ്യോഗസ്ഥരേയും, പി ഡബ്ലിയു ഉദ്യോഗസ്ഥരേയും വ്യാപാരി വ്യവസായികളെയും   ജനപ്രധിനിധികളേയും  മാധ്യമ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച്   കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേര്‍ത്ത   സര്‍വ്വ കക്ഷി യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇങ്ങനെയുള്ള പരിശോധന ഇനി ഉണ്ടാവില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറച്ചുകാലം പരിശോധന നിര്‍ത്തി വെച്ചെങ്കിലും ഇപ്പോള്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയുള്ള പരിശോധന വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പോലീസ് വാഹനം ഇവിടെ നിര്‍ത്തി പരിശോധന നടത്തുമ്പോള്‍ ബസ്സുകള്‍ റോഡിന്റെ നടുവില്‍ നിര്‍ത്തേണ്ട അവസ്ഥയാണ്. മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് പോകുന്ന ആമ്പുലന്‍സ് അടക്കമുള്ള  വാഹനങ്ങള്‍ ഇവിടെ ഗതാഗത കുരുക്കില്‍പ്പെടുന്നത് നിത്യ സംഭവമാണ്. പോലീസ് വാഹനം നിര്‍ത്തിയുള്ള വാഹന പരിശോധന ഒഴിവാക്കിയാല്‍ ഇവിടുത്തെ ഗതാഗത കുരുക്കിന് കുറച്ചെങ്കിലും പരിഹാരം കാണാന്‍ സാധിക്കും.

RELATED STORIES

Share it
Top