ഗതാഗതം സ്തംഭിപ്പിച്ച് നടുറോഡില്‍ സ്റ്റേജ്കെട്ടി യുവമോര്‍ച്ചയുടെ ഉപരോധം; പോലീസ് കാഴ്ചക്കാരായി
ajay G.A.G2018-05-03T19:12:12+05:30

തിരുവനന്തപുരം: നഗരത്തിലെ ഗതാഗതം സതംഭിപ്പിച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിനു നടുവില്‍ സ്റ്റേജ് കെട്ടി പരിപാടി. ബിജെപി യുവജന വിഭാഗമായ യുവമോര്‍ച്ചയാണ് പരിപാടി നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയാണ് മന്ത്രിമാരുടെ അടക്കം ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കൈയടക്കി സ്റ്റേജ് കെട്ടിയത്. നിയമന നിരോധനത്തിനെതിരെ രാപ്പകല്‍ പ്രതിഷേധ സംഗമം എന്ന പേരില്‍ നടത്തിയ പരിപാടിയിലാണ് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ മൂക്കിന് തുമ്പില്‍ പൊലീസിനെ നോക്കുകുത്തിയാക്കി ധാര്‍ഷ്ട്യം കാട്ടിയത്. ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തിയായിരുന്നു പരിപാടി നടത്തിയത്. നൂറോളം പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കെയായിരുന്നു സ്റ്റേജ് കെട്ടി പ്രതിഷേധ സംഗമം നടത്തിയത്. സെക്രട്ടറിയേറ്റിനു മുന്നിലും പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നായ കന്റോണ്‍മെന്റ് പൊലീസിന്റെ സമീപത്തുമാണ് ഇത്തരമൊരു പരിപാടി നടന്നതെന്നിരിക്കെ ഇവരെ തടയാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായില്ല.
നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ മുന്നുറോളം പ്രവര്‍ത്തകാരണ് ഗതാഗതം തടസ്സപ്പെടുത്തി സെക്രട്ടറിയേറ്റിനു മുന്നിലെ റോഡിലുണ്ടായിരുന്നത്. ഇത്തരമൊരു ചെറിയപരിപാടിക്ക് നടു റോഡില്‍ സ്റ്റേജ് നിര്‍മിക്കുമ്പോഴും പോലീസ് നോക്കുക്കുത്തിയാകുകയായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയാണ് സ്റ്റേജില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പൊതുവെ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും നടക്കുന്നതാണെങ്കിലും റോഡിനു നടുവില്‍ തന്നെ സ്റ്റേജ് കെട്ടിയുള്ള പരിപാടി ആദ്യമായാണ്. നാലു വലിയ സ്പീക്കറും മൈക്കും ഉപയോഗിച്ചാണ് റോഡിനു നടുവില്‍ സ്റ്റേജ് കെട്ടിയാണ് ഗതാഗതം തടസ്സെപ്പടുത്തിയത്. സാധാരണ സെക്രട്ടേറിയേറ്റിനു മുന്നിലെ നടപ്പാതയിലാണ് സമരങ്ങള്‍ക്ക് വേദിയൊരുക്കാറുള്ളത്. അല്ലെങ്കില്‍ കന്റോണ്‍മെന്റ് ഗേറ്റിനു സമീപത്തെ മരത്തിനടിയിലും വേദിയൊരുക്കാറുണ്ട്. മുമ്പ് സോളാര്‍ സമരം നടന്നപ്പോള്‍ വേദിയൊരുക്കിയിരുന്നത് ഈ മരത്തിനടിയില്‍ ആയിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ അനുമതിയില്ലാതെയാണ് യുവമോര്‍ച്ച റോഡിനു നടുവില്‍ സ്റ്റേജ് കെട്ടിയത്. സെക്രട്ടറിയേറ്റിനു മുന്നില്‍ 3000 പേര് പങ്കെടുക്കുന്ന രാപ്പകല്‍ പരിപാടി നടത്താന്‍ മാത്രമാണ് കമ്മീഷണറുടെ അനുമതിയില്‍ പറയുന്നതെന്നും എന്നാല്‍ റോഡിനു നടുവില്‍ സ്റ്റേജ് കെട്ടാനോ മൈക്ക് ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ലെന്നും കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ സുനീഷ് ബാബു തേജസിനോട് പറഞ്ഞു.
പരിപാടിക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം കേസെടുക്കുമെന്നും എസി പറഞ്ഞു. മാര്‍ഗ തടസം സൃഷ്ടിച്ചതിനെതിരെയുള്ള ഐപിസി 283 ആണ് സാധാരണ ചുമത്തുക. എന്നാല്‍ റോഡിനു നടുവില്‍ സ്റ്റേജ് കെട്ടിയതിനെതിരെയും അനുമതി ലംഘിച്ചതിനെതിരെയും പൊലീസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, യുവമോര്‍ച്ചാ സംസ്ഥാന ജില്ലാ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചത്.