ഗഡ്ചിറോളി: കൊല്ലപ്പെട്ടവര്‍ വെടിയേറ്റു ചിതറിയ നിലയില്‍

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയില്‍ പോലിസിന്റെ മാവോവാദി വേട്ടയില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ വെടിയേല്‍ക്കാത്തതും മുറിവുകളില്ലാത്തതുമായ അവയവങ്ങളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഓരോരുത്തരുടെയും ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ കയറിയിട്ടുണ്ട്. ഇത് ശ്വാസകോശം, ഹൃദയം, തലച്ചോറ് എന്നിവിടങ്ങളില്‍ ആഴത്തില്‍ മുറിവുണ്ടാക്കി.
തലച്ചോറിലെ ധമനികളടക്കം പൊട്ടിയുണ്ടായ രക്തം വാര്‍ന്നാണ് മരണമെന്നും സിവില്‍ ആശുപത്രിയിലെ ഏഴ് ഡോക്ടര്‍മാര്‍ ഒപ്പിട്ട റിപോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട 15 സ്ത്രീകളുടെയും അഞ്ചു പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഇവരുടെയെല്ലാം വേഷം പച്ച ഷര്‍ട്ടും ട്രൗസറുമാണ്. വെടിയേറ്റവരില്‍ നാലുപേര്‍ മരിച്ചത് വെള്ളത്തില്‍ മുങ്ങിയാണ്്. കൂടാതെ മറ്റു നാലുപേരുടേത് പൂര്‍ണമായും മുങ്ങിമരണമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. തോക്കുകള്‍കൊണ്ടുണ്ടായ മുറിവുകളെ തുടര്‍ന്ന് രക്തധമനികള്‍ പൊട്ടി അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്നാണ് റിപോര്‍ട്ടില്‍ നിര്‍വചിച്ചിരിക്കുന്നത്.
ചില മൃതദേഹങ്ങളില്‍ വിരലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഒഴുകിനടക്കുന്നതിനിടെ മുതലകള്‍ കഴിച്ചതാവും ഇതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഒന്നു മുതല്‍ 10 വരെ വെടിയുണ്ടകളാണ് ഇവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. തിരിച്ചറിയാത്ത രണ്ടുപേരുടെ ശരീരത്തിലാണ് ഒരോ വെടിയുണ്ട വീതമുള്ളത്. ഒരാളുടെ തലയിലും മറ്റെയാളുടെ കാലിലുമാണ് പരിക്ക്. ഇവര്‍ വെടിവയ്പിനെ തുടര്‍ന്ന് വെള്ളത്തിലേക്കു ചാടിയതോ മറിഞ്ഞുവീണതോ ആവാം. മാവോവാദി നേതാവ് നാഗേഷ് നരോട്ടിന്റെ ശരീരത്തില്‍ നിന്ന് 30 വെടിയുണ്ടകളാണു കണ്ടെത്തിയത്.ശേഷിക്കുന്ന 20 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അടുത്ത രണ്ടുദിവസത്തിനകം പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗഡ്ചിറോളി ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 40 മാവോവാദികളാണ് കൊല്ലപ്പെട്ടത്. ജില്ലയിലെ തദ്ഗാവോണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കസാന്‍സുര്‍ ഗ്രാമത്തില്‍ ഏപ്രില്‍ 24നു പത്തിനും പതിനൊന്നിനും ഇടയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നരമണിവരെ നീണ്ട ഏറ്റുമുട്ടലില്‍ 16ഓളം മാവോവാദികള്‍ കൊല്ലപ്പെട്ടു. പിന്നീട് ഇന്ദ്രാവതി നദിയില്‍ മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് 15 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തത്. കസാന്‍സുര്‍ ഏറ്റുമുട്ടല്‍ നടന്ന് 36 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഗാഡ്ചിറോളി ജില്ലയില്‍ തന്നെയുള്ള ജിംലാഗാട്ട പ്രദേശത്തു നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top