ഗഡിനാടു സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

കാസര്‍കോട്്: മെഡിക്കല്‍, എ ന്‍ജിനിയറിങ് കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് ദുരിതം. വില്ലേജ് ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഉള്ള ജീവനക്കാര്‍ നികുതി പിരിക്കാന്‍ പോകുന്നതുംമൂലം വില്ലേജ് ഓഫിസുകളില്‍ അപേക്ഷ നല്‍കിയാല്‍ യഥാസമയം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് പരാതി.
കര്‍ണാടകയുടെ അതിര്‍ത്തി മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഭാഷാ ന്യൂനപക്ഷം എന്ന പരിഗണനയില്‍ കര്‍ണാടകയില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ഉത്തരവുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ മലയാളികള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. മാതാപിതാക്കള്‍ക്കോ കുട്ടിക്കോ കന്നഡ എഴുതാനും വായിക്കാനും അറിയാമെങ്കിലും അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവരാണെങ്കിലും കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷക്ക് ഇളവുണ്ട്.
ഇതനുസരിച്ച് കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിന് കുട്ടികളാണ് കര്‍ണാടക എന്‍ട്രസ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 800 രൂപയാണ് പരീക്ഷാ ഫീസ്. പരീക്ഷാ ഫീസ് അടച്ചാല്‍ ഓണ്‍ലൈന്‍സൈറ്റില്‍ നിന്ന് വരുന്ന ഗഡിനാഡു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി വില്ലേജ് ഓഫിസുകളില്‍ അപേക്ഷ നല്‍കണം. വില്ലേജ് ഓഫിസര്‍ തന്റെ വില്ലേജിന്റെ പരിധിയില്‍ താമസക്കാരനാണെന്ന് റിപോര്‍ട്ട് നല്‍കിയാല്‍ തഹസില്‍ദാര്‍ ഗഡിനാഡു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല വില്ലേജ് ഓഫിസുകളിലും ജീവനക്കാരില്ലാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.
ഈമാസം 28നകം ഓണ്‍ലൈന്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് എടുത്ത് സര്‍ട്ടിഫിക്കറ്റ് സഹിതം ബംഗളൂരുവിലെ പരീക്ഷാകാര്യാലയത്തിലേക്ക് അയച്ചാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങള്‍ വഴി ജാതി, വരുമാന, താമസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിച്ചാലും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത് ലഭിക്കുന്നതെന്നും പരാതിയുണ്ട്.
കേരള എന്‍ട്രന്‍സ് , നീറ്റ് തുടങ്ങിയ പരീക്ഷകള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ ജാതി, വരുമാന, താമസ സര്‍ട്ടിഫിക്കറ്റുകള്‍ അത്യാവശ്യമാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സര്‍ട്ടിഫിക്കറ്റ് ഒരു പ്രാവശ്യം ഇഷ്യൂചെയ്താല്‍ കോഴ്‌സ് കഴിയുന്നത് വരെയും കാലാവധിയുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് പല ഓഫിസുകളിലും സ്വീകരിക്കുന്നില്ല. സര്‍ക്കാറിന്റെ ഉത്തരവിന് നിയമവകുപ്പ് അംഗീകാരം നല്‍കാത്തതാണ് സര്‍ട്ടിഫിക്കറ്റ് വീണ്ടും എടുക്കേണ്ടിവരുന്നത്. അക്ഷയ കേന്ദ്രങ്ങളില്‍ ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ 50 രൂപ ചെലവുണ്ട്.
ആഴ്ചകളോളം ഇതിന് വേണ്ടി ചുറ്റിക്കറങ്ങേണ്ട അവസ്ഥയും സംജാതമായിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

RELATED STORIES

Share it
Top