ഖേലോ ഇന്ത്യാ ബാസ്‌കറ്റ്‌ബോളില്‍ സുവര്‍ണനേട്ടവുമായി ഇടുക്കിയുടെ ആര്‍ദ്ര സേവ്യര്‍

ഇടുക്കി: ന്യൂ ഡെല്‍ഹിയിലെ കെ ഡി ജാദവ് സ്റ്റേഡിയത്തില്‍ സമാപിച്ച പ്രഥമ ഖേലോ ഇന്ത്യാ സ്‌കൂള്‍ ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ കേരളം 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ കിരീടം നേടിയപ്പോള്‍, നിര്‍ണായകപങ്ക് വഹിച്ച് മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ ആര്‍ദ്ര സേവ്യര്‍ ഇടുക്കി അഭിമാനമായി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മല്‍സരിക്കാന്‍ യോഗ്യത നേടിയ കേരള വനിതകള്‍ ചാംപ്യന്‍ഷിപ്പില്‍ എല്ലാ മല്‍സരവും വിജയിച്ചാണ സെമിഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ കര്‍ണാടകയെ അടിയറവ് പറയിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ കലാശക്കളിയില്‍ 90-47 എന്ന സ്‌കോറിനാണ് ഹരിയാനയെ  തറപറ്റിച്ചതും ടീം ഇനങ്ങളില്‍ കേരളത്തിന്റെ ഏക സ്വര്‍ണം കൈക്കലാക്കുന്നതും. കഴിഞ്ഞ വര്‍ഷം ഹൈദരാബദില്‍ നടന്ന ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ കേരളടീമിലെ നിറസാന്നിദ്ധ്യമായിരുന്ന ആര്‍ദ്ര, ഇത്തവണ കേരളം സ്വര്‍ണമെഡല്‍ നേടുമ്പോഴും ടീമിനു കരുത്തായി മാറി. മുട്ടം ഷന്താള്‍ ജ്യോതി ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍ കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ഫിബ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ കമ്മീഷണറും ഫിബ ലെവല്‍ 2 പരിശീലകനുമായ ഡോ. പ്രിന്‍സ് കെ മറ്റത്തിന്റെ കീഴിലാണ് ആര്‍ദ്ര സേവ്യര്‍ ചെറുപ്പം മുതല്‍ ബാസ്‌കറ്റ്‌ബോള്‍ അഭ്യസിക്കുന്നത്. കാഞ്ഞിരപ്പള്ളി മണ്ണനാല്‍ എം എസ് സേവ്യര്‍- ബീന ചെറിയാന്‍ ദമ്പതികളുടെ മകളാണ്. അമല്‍, ദയ സഹോദരങ്ങള്‍.

RELATED STORIES

Share it
Top