ഖുര്‍ആനിന്റെ മാസ്മരികത

മരുഭൂമിയിലെ വസന്തം-ഭാഗം 5
ഇംതിഹാന്‍ ഒ അബ്ദുല്ല
രാത്രി അതിന്റെ ആദ്യ പകുതി പിന്നിട്ടിരിക്കുന്ന സമയം. അബൂജഹല്‍ തന്റെ കിടപ്പറയില്‍  എഴുന്നേറ്റിരുന്ന് ആലോചനാനിമഗ്നനായി. സഹോദര പുത്രന്‍ മുഹമ്മദാണ് ചിന്താവിഷയം. സഹോദര പുത്രനാണെങ്കിലും പ്രവാചകത്വം പ്രഖ്യാപിച്ചതിനു  ശേഷം  മുഹമ്മദ് തന്റെ ബദ്ധവൈരിയാണ്. രാവും പകലും മുഹമ്മദിനെ എതിര്‍ത്തു തോല്‍പിക്കലും അയാളുടെ അനുയായികളെ മര്‍ദ്ദിക്കലുമാണ് തന്റെ തൊഴില്‍. പക്ഷെ താനും കൂട്ടാളികളും എതിര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുംതോറും മുഹമ്മദിന്റെ പ്രസ്ഥാനം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അവനെയും കൂട്ടരേയും ഒറ്റപ്പെടുത്താന്‍ വേണ്ടി ഏര്‍പ്പെടുത്തിയ സാമൂഹിക ബഹിഷ്‌കരണത്തിനു പോലും ആ പ്രവാഹത്തിനെ തടുത്തു നിര്‍ത്താനായിട്ടില്ല.

തീര്‍ത്ഥാടത്തിനോ കച്ചവടാവശ്യാര്‍ത്ഥമോ എത്തുന്ന പരദേശികള്‍ വരെ മുഹമ്മദിനെ പിന്‍പറ്റാന്‍ തുടങ്ങിയിരിക്കുന്നു. തനിക്ക് ദിവ്യബോധനം ലഭിച്ച വചനങ്ങളായി അവന്‍ ചൊല്ലികേള്‍പ്പിക്കുന്നവ കേള്‍വിക്കാരെ മാരണത്തിനടിമപ്പെട്ടവരെപ്പോലെയാക്കുന്നു. മറ്റെല്ലാം വിസമരിച്ച് അവര്‍ മുഹമ്മദിനൊപ്പം ചേരുകയാണ്. അതുമൂലം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങളൊന്നും അവര്‍ക്ക് പ്രശ്‌നമേയാവുന്നില്ല. എന്താണ് ഇതിന്റെ കാരണം. ഒരു എത്തും പിടിയും കിട്ടുന്നില്ല. അന്നു മുതല്‍ തുടങ്ങിയ ചിന്തയാണ് മുഹമ്മദ് ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ ഒന്ന് കേള്‍ക്കണമെന്ന്.


നേര്‍ക്കുനേരെ ചെന്ന് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കാന്‍ ആവശ്യപ്പെടാന്‍  നിവൃത്തിയില്ല. അതോടെ മുഴുവന്‍ ജനങ്ങളും മുഹമ്മദിനെ കേള്‍ക്കുന്ന അവസ്ഥ വരും. എന്നാല്‍ ഖുര്‍ആന്‍ കേള്‍ക്കാനുളള തന്റെ ആഗ്രഹം തടുത്തുനിര്‍ത്താനുമാവുന്നില്ല. രാത്രിയില്‍ അദ്ദേഹം ഖുര്‍ആന്‍ ഉച്ചത്തിലോതിക്കൊണ്ട് ദീര്‍ഘനേരം നമസ്‌കരിക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ പാതിരാത്രി അതൊന്നു പോയി കേള്‍ക്കുക തന്നെ. അബൂജഹല്‍ പതുക്കെ പുറത്തേക്ക് കടന്നു. മുഹമ്മിന്റെ വസതിയാണ് ലക്ഷ്യം. മുഹമ്മദിന്റെ ഖുര്‍ആന്‍ പാരായണം  കേട്ട് സ്തീകളും കുട്ടികളും പാരമ്പര്യമതത്തില്‍ വഴിപിഴച്ചു പോകുമോ എന്ന ആശങ്കയില്‍ എല്ലാവരേയും താനുള്‍പ്പെടെയുളള ഖുറൈശി നേതാക്കന്‍മാര്‍ അത് കേള്‍ക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. അതിനാല്‍ താന്‍ മുഹമ്മദിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ പോകുന്നത് ഒരു കുട്ടിയും അറിയാന്‍ പാടില്ല. അതുകൊണ്ടാണ് ഭാര്യ ഉമ്മുജമീലയെപ്പോലും അറിയിക്കാതെ താന്‍ ഇറങ്ങിപ്പോന്നത്.
പെട്ടന്നാരും തിരിച്ചറിയാതിരിക്കാന്‍ കമ്പിളിപുതപ്പ് തലവഴി മൂടിയാണ് വരവ്. അബൂജഹല്‍ പ്രവാചക വസതിക്ക് സമീപമെത്തി അതിനടുത്തുളള ഒരു മതിലിന് ചാരിയിരുന്നു. അകത്തു നിന്ന് പ്രവാചകന്റെ മധുരമനോഹരമായ ഖുര്‍ആന്‍ പാരായണം നിശീഥിനിയുടെ ഇരുട്ടിനെ ഭേദിച്ചു കൊണ്ട് കടന്നുവരുന്നു. അബൂജഹല്‍ ആ പാരായണത്തില്‍ ലയിച്ചിരുന്നു പോയി. പ്രവാചകന്‍ നമസ്‌കാരം നിര്‍ത്തിയപ്പോള്‍ മാത്രമാണ് അബൂജഹലിന് പരിസര ബോധമുണ്ടായത്. അപ്പോഴേക്ക് പ്രഭാതമാവാറായിരിക്കുന്നു. കിഴക്ക് വെളളക്കീറി തുടങ്ങിയിരിക്കുന്നു. മുഹമ്മദിന്റെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനെത്തിയ തന്നെ നാട്ടുകാരാരെങ്കിലും കണ്ടാലെന്തായിരിക്കും സ്ഥിതി.  പെട്ടെന്ന് തട്ടിപിടഞ്ഞെഴുന്നേറ്റ് വീട്ടിലേക്കോടി. അബൂജഹല്‍ ഓടി പ്രധാന നിരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണത് കാണുന്നത്. താന്‍ മറഞ്ഞിരുന്ന മതിലിന്റെ സമീപത്തു നിന്ന് രണ്ടു പേര്‍ കൂടി എഴുന്നേറ്റ് ഓടുന്നു. തന്നെപ്പോലെ കമ്പിളി കൊണ്ട് മൂടിയതിനാല്‍ ഓടുന്നവരുടെ മുഖം വ്യക്തമല്ല. പക്ഷെ അംഗവിക്ഷേപങ്ങള്‍ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. ആരണിവര്‍,എന്തായിരുന്നു അവരുടെ പരിപാടി.

അബൂജഹലും മറ്റു രണ്ടു പേരും നിരത്തിലെ കവലയില്‍ വെച്ച് കൂട്ടിമുട്ടി. ആരാണത്? മൂന്നു പേരും പരസ്പരം ചോദിച്ചത് ഒരുമിച്ചായിരുന്നു. മൂന്നു പേരും മൂടുപടം നീക്കി. പ്രവാചകന്റെ ബദ്ധവൈരികളില്‍ പെട്ട അബൂസുഫയാനും അഖ്‌നസും. എല്ലാവരും അന്തം വിട്ടു പോയി. മൂന്നു പേര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണം പരസ്പരം അറിഞ്ഞിരുന്നില്ലെങ്കിലും മൂവരുടേയും ഉദ്ദേശം ഒന്നു തന്നെയായിരുന്നു. മുഹമ്മദിനെ ഭല്‍സിക്കുകയും സാധ്യമായ എല്ലാരീതിയിലും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് മൂവരുടേയും ജീവിത ലക്ഷ്യം. അങ്ങനെയുളള തങ്ങള്‍ ഖുര്‍ആന്‍ കേള്‍ക്കാന്‍ വരികയും അതില്‍ ലയിച്ചിരുന്നു പോവുകയും ചെയ്തു എന്ന് ജനങ്ങള്‍ അറിഞ്ഞാലാന്തായിരിക്കും അവസ്ഥ. ജനങ്ങള്‍ മുഴുവന്‍ മുഹമ്മദിനെ കേള്‍ക്കുകയും പിന്‍പറ്റുകയും ചെയ്യും. അതിനാല്‍ സംഭവിച്ചത് സംഭവിച്ചു. ഒരു കാരണ വശാലും മേലില്‍ ഇതാവര്‍ത്തിക്കരുത്. മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു. മൂന്നു പേരും സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോയി.

തലേ ദിവസത്തെപ്പോലെ രാത്രിയുടെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ അബൂജഹല്‍ ഉണക്കമുണര്‍ന്നു. തലേ ദിവസം കേട്ട മധുരോദാരമായ ആ വാക്കുകള്‍ ഒരു തവണ കൂടി കേള്‍ക്കാന്‍ അടങ്ങാനാവാത്ത കൊതി. പക്ഷെ മേലില്‍ ഖുര്‍ആന്‍ കേള്‍ക്കാന്‍ പോകില്ലെന്ന് കൂട്ടുകാര്‍ക്ക് വാക്ക് കൊടുത്തത് ഓര്‍മ്മ വന്നു. എന്നാല്‍ അബൂജഹലിന് തന്നെ അടക്കി നിര്‍ത്താന്‍ സാധിക്കുന്നില്ല. ആ വാക്യങ്ങള്‍ കേള്‍ക്കണമെന്ന് മനസ്സിന് ഒരേയൊരു നിര്‍ബന്ധം. ഒടുക്കം അയാള്‍ സ്വയം സമാധാനിച്ചു. വരില്ലെന്ന് വാക്കു പറഞ്ഞതു കൊണ്ട് കൂട്ടുകാര്‍ ഏതായാലും വരില്ല. അപ്പോള്‍ പിന്നെ താന്‍ ഒറ്റക്ക് പോയി കുറച്ച് നേരം കേട്ടതു കൊണ്ട് വലിയ കുഴപ്പമൊന്നും സംഭവിക്കാനില്ല. അങ്ങനെ അബൂജഹല്‍ പ്രവാചക വസതിക്ക് സമീപത്തെത്തി പ്രവാചകന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടിരുന്നു. അന്നും നേരം പുലര്‍ന്നതിനു ശേഷമാണ് അബൂജഹല്‍ സ്വസ്ഥാനത്തു നിന്നെണീറ്റത്. അയാള്‍ അവിടെ നിന്നും നീങ്ങിയപ്പോള്‍ തലേ ദിവസത്തെപ്പോലെ രണ്ടു പേര്‍ കൂടി വരുന്നു. നോക്കുമ്പോള്‍ തലേ ദിവസത്തെ അതേ പ്രതികള്‍ തന്നെ. മൂന്നു പേരും തങ്ങള്‍ ആവര്‍ത്തിച്ച പാതകത്തിന്റെ ഗൗരവം പരസ്പരം ഓര്‍മ്മപ്പെടുത്തി. ഇക്കാര്യത്തില്‍ ഇനിയും വീഴ്ച സംഭവിക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായിത്തീരുമെന്നും അവര്‍ വിലയിരുത്തി.
മേലിലൊരിക്കലും ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ പോകില്ലെന്ന് കൂട്ടുകാരോട് സത്യം ചെയ്‌തെങ്കിലും അന്നും കൃത്യസമയമായപ്പോള്‍ അബൂജഹലിന് സ്വന്തത്തെ നിയന്ത്രിക്കാനായില്ല. മൂന്നാം ദിവസവും അബൂജഹല്‍ പ്രവാചക വസതിക്ക് സമീപമെത്തി ഖുര്‍ആന്‍ പാരായണം കേള്‍ക്കുകയും കൂട്ടുകാരാല്‍ പിടിക്കപ്പെടുകയും ചെയ്തു. ഈ സമയത്ത് അബൂജഹലിനോട് അഖ്‌നസും അബൂസുഫയാനും ഖുര്‍ആനെക്കുറിച്ചും മുഹമ്മദിന്റെ ദൗത്യത്തെക്കുറിച്ച അദ്ദേഹത്തിന്റെ അഭിപ്രായമെന്താണെന്നാരാഞ്ഞു.' അല്ലാഹുവാണ, മുഹമ്മദ് ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ നമ്മള്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരിക്കലും ഒരാഭിചാരകന്റെ വാക്യങ്ങളോ ഭ്രാന്തന്റെ ജല്‍പനങ്ങളോ അല്ല. അത് മനുഷ്യനിര്‍മ്മിത വചനങ്ങളല്ല തന്നെ. എങ്കില്‍ അദ്ദേഹത്തോട് എങ്ങനെ അനുവര്‍ത്തിക്കാനാണ് തീരുമാനം?   ഞങ്ങളും അബ്ദുമനാഫ് വംശവും അന്തസ്സിനു വേണ്ടി മല്‍സരിച്ചു. അവര്‍ ഭക്ഷണം നല്‍കി. ഞങ്ങളും നല്‍കി. അവര്‍ വിഷമങ്ങള്‍ സഹിച്ചു. ഞങ്ങളും സഹിച്ചു. അവര്‍ ദാനം നല്‍കി; ഞങ്ങളും നല്‍കി. എത്രത്തോളമെന്നാല്‍, അവരും ഞങ്ങളും വാഹനപ്പുറത്തു യാത്ര ചെയ്താല്‍ അതു പോലുമൊരു മല്‍സരം പോലെയായി. അതിനിടയില്‍, തങ്ങള്‍ക്കിടയില്‍ ഒരു പ്രവാചകനുണ്ടെന്നും അദ്ദേഹത്തിന് ആകാശത്തു നിന്ന് ദിവ്യബോധനം ലഭിക്കുന്നുവെന്നും അവര്‍ പറയുന്നു. അത്തരത്തിലൊന്നു നമുക്കെപ്പോഴാണു ലഭിക്കുക. അല്ലാഹുവാണ, ഞാന്‍ അവരെ വിശ്വസിക്കുകയോ ശരിവെക്കുകയോ ഇല്ല.

.........

'രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിച്ചു തന്നു. അദ്ദേഹത്തിന്റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്കു ബോധ്യപ്പെട്ടതാണ്. അദ്ദേഹം ഞങ്ങളെ ഏകദൈവത്തിന്റെ അടിമത്വത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും  അവനെക്കൂടാതെ ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വീകരും ആരാധിച്ചിരുന്ന ശിലാദൈവങ്ങളെ കൈവെടിയുവാനും അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. സത്യം പറയുക, വാക്കു പാലിക്കുക, കുടുംബബന്ധങ്ങള്‍ പവിത്രമായി  നിലര്‍ത്തുക, അയല്‍വാസിയുടെ  അവകാശങ്ങള്‍ നല്‍കുക, അന്യായമായി രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങളും മ്ലേഛവാക്യങ്ങളും ഉപേക്ഷിക്കുക, പതിവ്രതകള്‍ക്കെതിരേ ദുരുദ്ദേശപൂര്‍വ്വം ആരോപണങ്ങളുന്നയിക്കാതിരിക്കുക തുടങ്ങി മനുഷ്യരാശി അതിന്റെ ആരംഭം മുതല്‍ക്കേ ഉത്തമഗുണങ്ങളായി പരിഗണിക്കുന്നവയാണ് അദ്ദേഹം പ്രബോധനം ചെയ്തത്. ആരാധനയും അനുസരണയും അല്ലാഹുവിന് മാത്രമാക്കാനും മറ്റാരേയും അവന് തുല്യരാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അങ്ങനെ അദ്ദേഹത്തെ അനുഗമിച്ചു കൊണ്ട് നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സക്കാത്ത് നല്‍കാനും വ്രതമനുഷ്ഠിക്കാനും ആരംഭിച്ചു. പ്രവാചകാധ്യാപനങ്ങള്‍ക്കനുസൃതമായി വിഗ്രഹങ്ങളെ വര്‍ജ്ജിച്ച് ആല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന്‍ നിരോധിച്ച കാര്യങ്ങള്‍ വെടിയുകയും അവന്‍ കല്‍പിച്ചവ പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരേ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്കു മടങ്ങിപ്പോകാന്‍ വേണ്ടി അവര്‍ ഞങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങള്‍ ഉപേക്ഷിച്ച നീചകൃത്യങ്ങളിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. മര്‍ദ്ദനം അസഹ്യമാവുകയും സ്വാഭീഷ്ടപ്രകാരം സ്വീകരിച്ച മതത്തിന്റെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനാവാതെയും ചെയ്തപ്പോഴാണ് രാജാവേ,ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പലായനം ചെയ്തത്. നീതിമാനായ അങ്ങയുടെ അടുക്കല്‍ അക്രമത്തിനും അനീതിക്കും വിധേയമാവില്ലെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് '. ജഅ്ഫറുബനു അബീത്വാലിബ് പറഞ്ഞു നിര്‍ത്തി.
അബ്‌സീനിയന്‍(എത്യോപ്യ)രാജാവായ നജ്ജാശിയുടെ ദര്‍ബാറാണ് രംഗം. മക്കയില്‍ ഖുറൈശികള്‍ ഏര്‍പ്പെടുത്തിയ സാമൂഹിക ബഹിഷ്‌കരണവും മറികടന്ന് മുഹമ്മദീയ ദൗത്യം നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിക്കുന്നതില്‍ അരിശം പൂണ്ട ഖുറൈശികള്‍ മുസ്‌ലിംകള്‍ക്കു മേല്‍ കടുത്ത മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. സുമയ്യയും യാസിറും രക്തസാക്ഷികളായിക്കഴിഞ്ഞു. ഖബ്ബാബിനെയും ബിലാലിനെയും പോലുളളവര്‍ ജീവിച്ചിരിക്കുന്നുവെങ്കിലും ഒരു പുരുഷായുസിനും താങ്ങാനാവാത്ത യാതനകള്‍ താണ്ടികടന്ന ജീവിക്കുന്ന രക്തസാക്ഷികളാണ്. ഇനിയും മക്കയില്‍ തന്നെ തുടര്‍ന്നാല്‍ മുസലിംകളില്‍ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ ജീവനും വിശ്വാസാചാരങ്ങളും സംരക്ഷിക്കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്റെ വിശ്വാസികളില്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പലായനം നടത്താന്‍ അനുവാദം നല്‍കിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു:
' നിങ്ങള്‍ അബ്‌സീനിയയിലേക്കു പോവുക. അവിടെ ഭരിക്കുന്ന ക്രിസ്ത്യാനിയായ നജ്ജാശി (നേഗസ്) രാജാവ് നീതിമാനാകുന്നു. സത്യം പുലരുന്ന നാടാണത്. അവിടെ ആരും അക്രമത്തിന് വിധേയരാവുകയില്ല. നിങ്ങളിപ്പോള്‍ അകപ്പെട്ടിരിക്കുന്ന വിഷമസന്ധി അല്ലാഹു ദൂരീകരിക്കും വരെ നിങ്ങള്‍ അവിടെ താമസിക്കുക'.
പക്ഷെ മുസലിംകളിലൊരു വിഭാഗം തങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് അന്യദേശത്ത് പോയി സ്വസ്ഥമായി ജീവിക്കുന്നത് ഖുറൈശികള്‍ക്ക് സഹിച്ചില്ല. മാത്രമല്ല പുതിയ പ്രസ്ഥാനം പുറം നാടുകളില്‍ ശക്തിപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച ചിന്തകളും അവരെ അസ്വസ്ഥരാക്കി. അതിനാല്‍ വല്ലവിധേനയും നജ്ജാശി രാജാവിനെ സ്വാധീനിച്ച് മുസലിംകളെ അവരുടെ അഭയകേന്ദ്രത്തില്‍ നിന്നും പുറംതളളിക്കണമെന്ന് ഖുറൈശികള്‍ തീരുമാനിച്ചു.  അതിനായി രാജാവിനും കൊട്ടാരത്തിലെ പ്രമാണിമാര്‍ക്കും പുരോഹിതന്‍മാര്‍ക്കും കാഴ്ചവെക്കാന്‍ വിലപ്പെട്ട സമ്മാനങ്ങളുമായി ഒരു ദൗത്യസംഘത്തെ അബ്‌സീനിയയിലേക്കയക്കാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. അംറ്ബിനുല്‍ ആസും അബ്ദുല്ലാഹിബ്‌നു റബീഅയുമായിരുന്നു ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരുന്നത്. അബ്‌സീനിയയിലെത്തിയ സംഘം ആദ്യം കൊട്ടാര പുരോഹിതന്‍മാരേയും പ്രമാണിമാരേയും സമ്മാനങ്ങള്‍ നല്‍കി പാട്ടിലാക്കി. മുസലിംകളെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ രാജാവില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അവരൊക്കെ സംഘത്തിന് ഉറപ്പു നല്‍കി. സംഘം രാജസദസ്സില്‍ ഹാജറായി നജ്ജാശിയോട് പറഞ്ഞു:

'രാജാവേ, ഞങ്ങളില്‍ പെട്ട വിവരം കെട്ട കുറേ ചെറുപ്പക്കാര്‍ അങ്ങയുടെ രാജ്യത്തേക്ക് കടന്നുവന്നിരിക്കുന്നു. സ്വമത പരിത്യാഗികളായ അവര്‍ അങ്ങയുടെ മതവും സ്വീകരിച്ചിട്ടില്ല. നമ്മള്‍ രണ്ടുകൂട്ടര്‍ക്കും പരിചയമില്ലാത്ത ഒരു പുത്തന്‍ മതവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നത്. അവരെ തിരിച്ചയപ്പിക്കാന്‍ വേണ്ടി അവരുടെ ബന്ധുക്കള്‍ ഞങ്ങളെ അങ്ങയുടെ അടുത്തേക്ക് നിയോഗിച്ചിരിക്കുകയാണ്. ഖുറൈശി നേതാക്കന്‍മാരായ അവരുടെ  പിതാക്കന്‍മാര്‍ക്കും പിതൃവ്യന്‍മാര്‍ക്കും വേണ്ടിയാണ് ഞങ്ങളീ അഭ്യര്‍ത്ഥന നടത്തുന്നത്. നജ്ജാശിയുടെ ഉപദേശകന്‍മാരായ പ്രമാണിമാരെയും പുരോഹിതന്‍മാരേയും സ്വാധീനിച്ചതിനാല്‍ രാജാവിന്റെ ഭാഗത്തു നിന്നും മുസ്‌ലിംകള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത ഏകപക്ഷീയമായ ഒരു നടപടിയായിരുന്നു ഖുറൈശികള്‍ ആഗ്രഹിച്ചത്. അക്കാര്യത്തില്‍ സഹായിക്കാമെന്ന് അക്കൂട്ടര്‍ ഖുറൈശികള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ മുസലിംകളെക്കുറിച്ച് ഖുറൈശികളുടെ ആവശ്യം കേട്ടപാടെ അവരുടെ ഭാഗം കേള്‍ക്കാനായി അവരെ വിളിച്ചു വരുത്താനാണ് നജ്ജാശി ആവശ്യപ്പെട്ടത്. ഖുറൈശികളുടെ പക്കല്‍ നിന്ന് കൈക്കൂലി പറ്റിയ രാജാവിന്റെ  ഉപദേശകന്‍മാര്‍ രാജാവിനോട് ഖുറൈശി നേതാക്കന്‍മാരായ അവരുടെ പിതാക്കന്‍മാര്‍ക്കും പിതൃവ്യന്‍മാര്‍ക്കും തന്നെയാണ് അവരെക്കുറിച്ച് നന്നായറിയാവുന്നതെന്നും അതിനാല്‍ അവരുടെ ഭാഗം കേള്‍ക്കേണ്ടതില്ലെന്നും പറഞ്ഞു നോക്കി. പക്ഷെ നീതിമാനായ നജ്ജാശി അവരുടെ വാക്കുകള്‍ പാടെ തളളിക്കൊണ്ടു പറഞ്ഞു:  അത് നടപ്പില്ല. ഒരിക്കലും അത് നടക്കില്ല. ദൈവമാണ് സത്യം. അവര്‍ വഞ്ചിതരാവരുത്.  അവര്‍ എന്റെ സംരക്ഷണം തേടി എന്റെ രാജ്യത്ത് അഭയാര്‍ത്ഥികളായി വന്നവരാണ്. എല്ലാവര്‍ക്കും മുകളില്‍ അവര്‍ എന്നെയാണ് തിരഞ്ഞെടുത്തത്. അവരെ വിളിച്ച് ഇവര്‍ പറയുന്ന കാര്യത്തെക്കുറിച്ച് ചോദ്യം ചെയ്തിട്ടല്ലാതെ അവരെ തിരിച്ചയക്കുന്ന പ്രശ്‌നമേയില്ല. എന്നിട്ട് ഇവര്‍ പറഞ്ഞതു പോലെയാണ് കാര്യമെങ്കില്‍ അവരെ ഇവരെ ഏല്‍പിക്കാം. അങ്ങനെ ആ യുവാക്കള്‍ സ്വജനതയോടൊപ്പം ചേരട്ടെ. ഇനി അതല്ല കാര്യങ്ങളുടെ കിടപ്പ് മറ്റു വല്ലവിധത്തിലുമാണെങ്കില്‍ അവരെ അവരുദ്ദേശിക്കുന്ന കാലേത്താളം ഞാന്‍ സംരക്ഷിക്കുക തന്നെ ചെയ്യും.
അങ്ങനെ രാജസദസ്സില്‍ മുസ്‌ലിംകള്‍ വിളിക്കപ്പെട്ടപ്പോള്‍ പുരോഹിതന്‍മാരോട് വേദ്രഗന്ഥങ്ങളുമായും ഹാജറാവാന്‍ കല്‍പിക്കപ്പെട്ടിരുന്നു. ഹാജറാക്കപ്പെട്ടവരോട് നജ്ജാശി ചോദിച്ചു: എന്റെ രാജ്യത്ത് അഭയം പ്രാപിച്ച നിങ്ങള്‍ എന്റെ മതമോ നിലവിലുളള മറ്റേതെങ്കിലും മതമോ പിന്‍പറ്റിക്കാണുന്നില്ല. നിങ്ങളുടെ ജനതയില്‍ നിന്നു സ്വയം അകന്നുകൊണ്ട് നിങ്ങള്‍ എത്തിപ്പെട്ട ഈ മതമേതാണ് ?  നജ്ജാശിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുസലിംകളില്‍ നിന്നും നിയോഗിക്കപ്പെട്ടത് പ്രവാചക പിതൃവ്യപുത്രന്‍ ജഅ്ഫറുബ്‌നു അബീത്വാലിബായിരുന്നു. നജ്ജാശിയുടെ ചോദ്യത്തിന് മറുപടിയായി ജഅ്ഫര്‍ നടത്തിയ പ്രഭാഷണമായിരുന്നു തുടക്കത്തില്‍ നാം കേട്ടത്.

നജ്ജാശിയുടെ മുഖം ജഅ്ഫറിന്റെ മറുപടിയില്‍ തൃപ്തനായതുപോലെ കാണപ്പെട്ടു. തുടര്‍ന്ന് നജ്ജാശി നിങ്ങളുടെ പ്രവാചകന് അവതീര്‍ണമായതില്‍ നിന്ന് അല്പം എന്നെ കേള്‍പ്പിക്കാമോയെന്നന്വേഷിച്ചു.  വിശുദ്ധഖുര്‍ആനിലെ സൂറ മറിയമിലെ ആദ്യസൂക്തങ്ങള്‍ ജഅ്ഫര്‍ നജ്ജാശിയെ ഓതിക്കേള്‍പ്പിച്ചു. ദിവ്യവചനങ്ങള്‍ നജ്ജാശിയുടേയും പുരോഹിതന്‍മാരുടേയും കണ്ണുകള്‍ നനയിപ്പിച്ചു. നജ്ജാശി പറഞ്ഞു: നിശ്ചയം നമ്മുടെ നേതാവായ യേശുവിന്റെ വചനങ്ങളുടെ ഉറവിടം തന്നെയാണ് ഈ വചനങ്ങളുടെ ഉറവിടവും. പൂര്‍വ്വീക പ്രവാചകന്‍മാരുടെ അതേ പ്രകാശധാരയില്‍ നിന്നുല്‍ഭൂതമായ സത്യം തന്നെ പ്രബോധനം ചെയ്യുന്ന മുസ്‌ലിംകളെ മടക്കി അയക്കാന്‍  നിര്‍വ്വാഹമില്ലെന്ന് പറഞ്ഞ് നജ്ജാശി ഖുറൈശികളെ അറിയിച്ചു.
തങ്ങളുടെ പ്രതീക്ഷകള്‍ക്കു കടകവിരുദ്ധമായി മുസലിംകള്‍ രാജകീയ അംഗീകാരമുളള അഭയാര്‍ത്ഥികളായി മാറിയതില്‍ ഖുറൈശികള്‍ കടുത്ത ഇഛാഭംഗത്തിലായി. പക്ഷെ അവര്‍ തോറ്റു പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. രാജാവിനെ സ്വാധീനിക്കാവുന്ന എന്തെങ്കിലും മാര്‍ഗമന്വേഷിച്ച് അവര്‍ കൊട്ടാരപുരോഹിതന്‍മാരെ സമീപിച്ചു. രാജപുരോഹിതന്‍മാരുടെ ഉപദേശമനുസരിച്ച് ഖുറൈശികള്‍ പിറ്റേദിവസവും രാജസദസ്സില്‍ ഹാജറായി. ക്രിസ്ത്യാനികള്‍ ഏറെ ആദരിക്കുന്ന ഈസായെക്കുറിച്ച് മുസ്‌ലിംകള്‍ വമ്പിച്ച അപവാദമാണ് പ്രചരിപ്പിക്കുന്നതെന്നവര്‍ നജ്ജാശിയോട് ബോധിപ്പിച്ചു. രാജകല്‍പനയനുസരിച്ച് മുസ്‌ലിംകള്‍ വീണ്ടും ഹാജറായി. ഈസായെക്കുറിച്ച് നിങ്ങളുടെ നിലപടെന്തെന്ന് അവരോട് നജ്ജാശി ചോദിച്ചു. ഈ ചോദ്യം അഥവാ ഈസായുടെ കാര്യത്തിലുളള ആകാംക്ഷ നജ്ജാശിയുടേത് മാത്രമായിരുന്നില്ല. ലോകത്താകമാനമുളള ക്രിസ്തീയസമൂഹത്തിന്റേതു കൂടിയാണ്. നജ്ജാശിയുടേതു പോലുളള ക്രൈസ്തവ പണ്ഡിതന്‍മാരും പ്രമാണിമാരും അണിനിരന്ന ഒരു സദസ്സില്‍ ഇത്തരം ഒരു ചോദ്യത്തിന് നല്‍കുന്ന മറുപടി ക്രൈസ്തവ ലോകം മൊത്തം ചര്‍ച്ച ചെയ്യുമെന്നുറപ്പ്. പക്ഷെ പ്രവാചകന്റെ പിതൃവ്യപുത്രനും ആദ്യകാലവിശ്വാസിയുമായ ജഅ്്ഫര്‍ പതറിയില്ല. ഒരു നിമിഷം പോലും ആലോചിച്ചു നില്‍ക്കാതെ അദ്ദേഹം പറഞ്ഞു. ഈസാ അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു. അനുഗ്രഹീതയായ മറിയമിലേക്ക് ഊതപ്പെട്ട അല്ലാഹുവിന്റെ വചനവും ചൈതന്യവുമാണ്. യേശുവിന്റെ അവസ്ഥയും മുസ്‌ലിംകള്‍ പറയുന്നതും തമ്മില്‍ ഒരു കടുമണി പോലും വ്യത്യാസമില്ലെന്നായിരുന്നു ഈ മറുപടി കേട്ട  നജ്ജാശിയുടെ പ്രതികരണം. നജ്ജാശിയുടെ മറുപടി പുരോഹിതന്‍മാരെ സ്തബ്ദരാക്കി. അവര്‍ മുറുമുറുക്കാന്‍ തുടങ്ങി. എന്നാല്‍ നജ്ജാശി അവരെ ഗൗനിച്ചതേയില്ല. അദ്ദേഹം ജഅ്ഫറിനു നേരേ തിരിഞ്ഞു കൊണ്ട് പറഞ്ഞു: നിങ്ങള്‍ പൂര്‍ണ നിര്‍ഭയത്വത്തോടെ ഇവിടെ ജീവിച്ചുകൊളളുക.  നിങ്ങളെ ആരും ഉപദ്രവിക്കുകയില്ല. എനിക്കൊരു സ്വര്‍ണമല തന്നെ കിട്ടിയാലും നിങ്ങളെ ഞാന്‍ കയ്യൊഴിയുകയില്ല. ഖുറൈശികളോട് അവര്‍ നല്‍കിയത് തിരികെ കൈപ്പറ്റാന്‍ പറയാനും നജ്ജാശി മറന്നില്ല.

RELATED STORIES

Share it
Top