ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം സിബിഐ ഓഫിസിലേക്ക് മാര്‍ച്ച്

കൊച്ചി: കാസര്‍കോട് ചെമ്പരിക്ക-മംഗലാപുരം ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാക്കാനുള്ള സിബിഐ നീക്കം അവസാനിപ്പിക്കണമെന്നും സത്യസന്ധമായ അന്വേഷണത്തിലൂടെ ഖാസിയുടെ ഘാതകരെ വെളിച്ചത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും സിബിഐ എറണാകുളം ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എറണാകുളം കതൃക്കടവ് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിബിഐ ഓഫിസിന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതപണ്ഡിതനായ ഖാസി സി എം അബ്ദുല്ല മൗലവി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിനുത്തരവാദികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സിബിഐ തയ്യാറാവണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഗൂഢശക്തികളുടെ നീക്കം മൂലമാണ് ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തുന്നതില്‍ നിന്ന് സിബിഐ വഴിമാറുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. ഖാസിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പിഡിപി സംസ്ഥാന സെക്രട്ടറി മുജീബു റഹ്മാന്‍, അബൂബക്കര്‍ ഫൈസി, എ എം പരീത്, അബ്ദുല്‍ റഹ്മാന്‍കുട്ടി, സിയാദ് ചെമ്പറക്കി, ബക്കര്‍ഹാജി, ജലീല്‍ ആറ്റുമാവ്, സി എം സിദ്ദീഖ്, അബൂബക്കര്‍ സിദ്ദീഖ് നദ്‌വി സംസാരിച്ചു.

RELATED STORIES

Share it
Top