ഖാപ്് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം വിവാഹിതരാവുന്നതിനെ എതിര്‍ക്കാന്‍ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്ന് സുപ്രിംകോടതി. വ്യത്യസ്ത ജാതി, വിശ്വാസം എന്നിവയുടെ പേരില്‍ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ തകര്‍ക്കുന്ന രീതിയിലുള്ള ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ഖര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരും ബഞ്ചില്‍ അംഗങ്ങളായിരുന്നു.
ദുരഭിമാന കൊലയില്‍ നിന്നു ദമ്പതികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സംഘടനയായ ശക്തിവാഹിനി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. 2010ലായിരുന്നു ഹരജി ഫയല്‍ ചെയ്തത്.
പ്രായപൂര്‍ത്തിയായവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കളടക്കമുള്ള മൂന്നാമതൊരാള്‍ അതില്‍ ഇടപെടുകയോ ഭീഷണിപ്പെടുത്തുകയോ അക്രമിക്കുകയോ ചെയ്യരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
മിശ്രവിവാഹിതരാവുന്ന ദമ്പതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നു കേസില്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വിവാഹം സംബന്ധിച്ച് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കില്‍ വധൂവരന്‍മാര്‍ക്ക് ഇക്കാര്യം വിവാഹ ഓഫിസര്‍മാരെ അറിയിച്ചാല്‍ മതിയായ സുരക്ഷയൊരുക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ഖാപ് പഞ്ചായത്തുകളുടെ തീരുമാനപ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നു നേരത്തേ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ പോലിസിനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിര്‍ദേശം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും മൂന്നു ജില്ലകളില്‍ നിരീക്ഷണം നടത്തുമെന്നും കോടതി അറിയിച്ചിരുന്നു.

RELATED STORIES

Share it
Top