ഖാദുകമായ ഒരു രാഷ്ട്രീയക്കൊല കൂടി

കണ്ണൂര്‍ മട്ടന്നൂരിനു സമീപമുള്ള തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എസ് വി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയവര്‍, തങ്ങള്‍ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും കേരളീയരെ അറിയിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം, ബോംബെറിഞ്ഞശേഷം ആ യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ചത്. കൊലപാതകികള്‍ പെട്ടെന്നു പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലൊക്കെ എടുത്തുകൊണ്ടാണ് ആക്രമണം നടത്തിയതെങ്കിലും പോലിസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഒരു സ്‌കൂളില്‍ കെഎസ്‌യു യൂനിറ്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിക്കേസില്‍ അറസ്റ്റിലായ ശുഹൈബ് ജാമ്യത്തിലിറങ്ങിയ ഉടനെയാണു സംഭവം. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊരു പാഴ്‌വാക്കാണെന്നു കരുതാനാണ് ന്യായം.
സിപിഎം നയിക്കുന്ന ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയപ്രതിയോഗികളെ കൈയൂക്ക് ഉപയോഗിച്ച് കൈകാര്യം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണ്. പാര്‍ട്ടിയുടെ സ്വാധീനം നിലനിര്‍ത്തുന്നതിനു പ്രത്യയശാസ്ത്രം മതിയാവില്ലെന്ന് മനസ്സിലായതോടെയാണ് രാഷ്ട്രീയപ്രതിയോഗികളെ നേരിടുന്നതിന് നാടന്‍ ബോംബും മടവാളും പ്രധാന ആയുധമാക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നു വേണം കരുതാന്‍. കലാശാലകളിലും യൂനിവേഴ്‌സിറ്റികളിലും ഇപ്പോള്‍ തന്നെ ഇടതുപക്ഷ ഫാഷിസത്തിലൂടെയാണ് സിപിഎം വിദ്യാര്‍ഥിസംഘടന മേല്‍ക്കോയ്മ നിലനിര്‍ത്തുന്നത്. മറുഭാഗത്ത് തീവ്ര വംശീയതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ പരിവാരമുണ്ടായതിനാല്‍ അക്രമപരമ്പരകള്‍ അഭംഗുരം തുടരുന്നു. ഉത്തര്‍പ്രദേശും ജാര്‍ഖണ്ഡും കഴിഞ്ഞാല്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നു. അതില്‍ തന്നെ കണ്ണൂര്‍ ജില്ലയിലാണ് പാതിയിലധികം കൊലകളും നടന്നത്. അതിനിടയില്‍, രാഷ്ട്രീയക്കൊലകള്‍ക്ക് യുഎപിഎ പാടില്ല എന്ന അസംബന്ധം എഴുന്നള്ളിക്കുന്നത് സിപിഎം ആണ്. സിപിഎമ്മും ആര്‍എസ്എസും കൊലപാതകത്തിനു മികച്ച പരിശീലനം നേടിയ സംഘങ്ങളെ നിലനിര്‍ത്തുന്നതിനാല്‍ ജീവഭയം മൂലം മറ്റു പാര്‍ട്ടികളും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നു എന്നു പറയാം.
സംഘപരിവാരം ചുവപ്പു ഭീകരതയെക്കുറിച്ച് നടത്തുന്ന ദുഷ്പ്രചാരവേലയില്‍ കാര്യമൊന്നുമില്ലെങ്കിലും സിപിഎം നേതൃത്വം അണികളെ നിയന്ത്രിക്കാനും അക്രമങ്ങളില്‍ ഉപജീവനം കാണുന്ന ഗുണ്ടകളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും മുന്നോട്ടുവരേണ്ടതുണ്ട്. കേരളത്തില്‍ ഏതു സ്ഥലത്ത് രാഷ്ട്രീയസംഘട്ടനം നടന്നാലും ഒരുഭാഗത്ത് സഖാക്കളുണ്ടെന്നു കാണാം. പ്രവര്‍ത്തകര്‍ക്ക് മതിയായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനു പാര്‍ട്ടി പിന്നോട്ടടിച്ചത് അതിനു കാരണമായിട്ടുണ്ടാവും. അടിസ്ഥാനപരമായ ശുദ്ധീകരണ പ്രക്രിയക്ക് പാര്‍ട്ടി തയ്യാറാവുന്നില്ലെങ്കില്‍ അത് സംസ്ഥാനത്തു വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നു തീര്‍ച്ചയാണ്.


RELATED STORIES

Share it
Top