ഖഷോഗി: ദൃശ്യങ്ങള്‍ പുറത്തുവിട്ട് തുര്‍ക്കി

ഇസ്താംബൂള്‍: ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ സൗദിക്കെതിരേ കൂടുതല്‍ ശക്തമായ തെളിവുകള്‍ പുറത്തുവിട്ട് തുര്‍ക്കി. കാണാതാവുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് ഖഷോഗി സൗദി കോണ്‍സുലേറ്റിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന്റെ ചിത്രങ്ങളാണ് തുര്‍ക്കി പുറത്തുവിട്ടത്.
തുര്‍ക്കി ബ്രോഡ്കാസ്റ്റ് ടിആര്‍ടിയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. കോണ്‍സുലേറ്റിനു സമീപത്തെ 150ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പുതിയ വെളിപ്പെടുത്തല്‍. ദൃശ്യങ്ങള്‍ പ്രകാരം ഖഷോഗിയുടെ തിരോധാനത്തിനു പിന്നിലുള്ള സ്‌ക്വാഡ് മണിക്കൂറുകളോളം കോണ്‍സല്‍ ജനറലിന്റെ വീട്ടിലുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. അവിടെ നിന്ന് ആറു കാറുകളിലായാണ് ഇവര്‍ എയര്‍പോര്‍ട്ടിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതില്‍ ഒന്നിലാണ് ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കൂടാതെ, ഖഷോഗിയെ കടത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കറുത്ത വാന്‍ മുന്‍വാതിലിനു സമീപം പാര്‍ക്ക് ചെയ്തതായും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഖഷോഗിയെ കാണാതായ ദിവസം തുര്‍ക്കി സ്വദേശികളായ ജീവനക്കാരോട് അവധിയെടുക്കാന്‍ നിര്‍ദേശിച്ചതും കോണ്‍സുലേറ്റിനുള്ളിലെ കാമറകള്‍ നീക്കം ചെയ്തതും ദുരൂഹത കൂട്ടുകയാണ്.

RELATED STORIES

Share it
Top