ഖഷഗ്ജി: പോംപിയോ സൗദി, തുര്‍ക്കി അധികാരികളുമായി ചര്‍ച്ച നടത്തി

റിയാദ്: ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സൗദി, തുര്‍ക്കി ഭരണകൂടവുമായി ചര്‍ച്ചനടത്തി. പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തിയത്. ഇതിനു പിന്നാലെ ട്രംപ് സല്‍മാന്‍ രാജാവുമായി സംസാരിച്ചു. വിഷയത്തില്‍ സൗദിക്ക് പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചയ്ക്കുമായാണ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി.
ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഗൗരവമായ അന്വേഷണം നടത്താന്‍ സൗദി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പോംപിയോ പറഞ്ഞു. സൗദിയില്‍ നിന്നും തുര്‍ക്കിയി ലെത്തിയ പോംപിയോ വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് കാവൂസ് ഒഗ്‌ലുവുമായും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും കൂടിക്കാഴ്ച നടത്തിയത്്.
അതിനിടെ ഖഷഗ്ജിയുടെ തിരോധാനത്തില്‍ നിലപാട് മയപ്പെടുത്തിയും സൗദിയെ പിന്തുണച്ചും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അസോഷ്യേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ സൗദിക്കെതിരേ മുന്‍വിധികള്‍ പാടില്ലെന്ന് ട്രംപ് പറയുന്നത്.
മറ്റേതെങ്കിലും സംഘം ഖഷഗ്ജിയെ കൊലപ്പെടുത്തിയതാവാം എന്നും ട്രംപ് പറഞ്ഞു. സുപ്രിംകോടതി ജഡ്ജിയായി ബ്രെറ്റ് കവനോയെ നിയമിക്കാന്‍ തന്റെ ഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ലൈംഗികപീഡന ആരോപണങ്ങളുമായാണ് സൗദിക്കെതിരായ ആരോപണങ്ങളെ ട്രംപ് താരതമ്യപ്പെടുത്തിയത്.
എന്താണു സംഭവിച്ചത് എന്ന് ആദ്യം കണ്ടെത്തണം എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നിരപരാധിയെന്നു കണ്ടെത്തുംവരെ കുറ്റക്കാരായി കാണുന്ന രീതി ശരിയല്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ സൗദിക്കെതിരാണ്. സൗദി ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ലെന്ന് അവര്‍ പറയുന്നു.
സല്‍മാന്‍ രാജകുമാരനുമായും പിതാവ് സല്‍മാന്‍ രാജാവുമായും ട്രംപ് ഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. അവര്‍ക്ക് യാതൊരു പങ്കും ഇക്കാര്യത്തിലില്ലെന്നാണ് അവര്‍ പറയുന്നതെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ നിലപാടിന് എതിരായാണ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പ്രതികരിച്ചത്. സല്‍മാന്‍ രാജകുമാരനാണ് ഖഷഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതെന്നാണ് അദ്ദേഹം ഫോക്‌സ് ന്യൂസിനോടു പറഞ്ഞത്. സൗദിക്കെതിരേ യുഎസ് കോണ്‍ഗ്രസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.
തുര്‍ക്കി സംഘം സൗദി കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയില്‍ ഖഷഗ്ജിയെ കൊലപ്പെടുത്തുന്നതിന് വിഷപദാര്‍ഥങ്ങള്‍ ഉപയോഗിച്ചതായി തെളിവ് ലഭിച്ചു. കോണ്‍സുലേറ്റിന്റെ ചില ഭാഗങ്ങളില്‍ റീ പെയിന്റിങ് നടത്തിയിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും സൗദിയില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞു.
കൊലനടത്തിയെന്നു സംശയിക്കുന്നവരില്‍ നാലുപേര്‍ സല്‍മാന്‍ രാജകുമാരന്റെ സുരക്ഷാസംഘവുമായി ബന്ധപ്പെട്ടവരാണ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത്.

RELATED STORIES

Share it
Top