ഖഷഗ്ജി തിരോധാനം: നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി

ഇസ്താംബൂള്‍: സൗദി ഭരണകൂട വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടതു സംബന്ധിച്ചു നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പത്തംഗ സംഘമാണ് ഇന്നലെ ഒമ്പതു മണിക്കൂറോളം പരിശോധന നടത്തിയത്. നാലു ഫോറന്‍സിക് വാഹനങ്ങള്‍ സഹിതമാണ് അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്. തുര്‍ക്കി സംഘം പരിശോധനയ്ക്ക് എംബസിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് സൗദി സംഘം എംബസിക്കകത്തു കടന്നിരുന്നു.
അതിനിടെ, ഖഷഗ്ജി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നു തുര്‍ക്കി വ്യക്തമാക്കി. ഖഷഗ്ജിയുടെ തിരോധാനത്തെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നു സൗദി ആവര്‍ത്തിക്കുന്നതിനിടെയാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. ഖഷഗ്ജിയെ കോണ്‍സുലേറ്റിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടംതുണ്ടമാക്കിയെന്നു തുര്‍ക്കി അന്വേഷണം സംഘം പറഞ്ഞിരുന്നു. കോണ്‍സുലേറ്റിനുള്ളില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിക്കുന്ന തെളിവുകള്‍ തുര്‍ക്കിക്ക് ലഭിച്ചത്. എംബസിക്കുള്ളില്‍ വച്ചു തന്നെ ഖഷഗ്ജി കൊല്ലപ്പെട്ടുവെന്നാണ് തുര്‍ക്കി പോലിസ് അറിയിച്ചത്. എന്നാല്‍, എംബസി സന്ദര്‍ശിച്ച ഖഷഗ്ജി അന്നുതന്നെ അവിടെ നിന്നു മടങ്ങിയെന്നാണ് സൗദി വൃത്തങ്ങള്‍ പറയുന്നത്. ഖഷഗ്ജിയെ സൗദി സംഘം പിടികൂടിയതിന്റെയും തുടര്‍ സംഭവങ്ങളും സ്ഥിരീകരിക്കുന്ന റിക്കാര്‍ഡിങ്ങുകള്‍ കൈവശമുണ്ടെന്നു തുര്‍ക്കി അധികൃതര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.RELATED STORIES

Share it
Top