ഖഷഗ്ജിയെ കൊന്നതാണെങ്കില്‍ ഉത്തരവാദികള്‍ മറുപടി പറയണം: പ്രതിശ്രുത വധു

ന്യൂയോര്‍ക്ക്: ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടിരിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ നിയമത്തിനു മുന്നില്‍ കണക്കു പറയേണ്ടിവരുമെന്നു ജമാലിന്റെ പ്രതിശ്രുത വധു ഖദീജ ജെംഗിസ്. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ജെംഗിസ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഖഷഗ്ജി കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് ലേഖനത്തിലെ പ്രതികരണങ്ങള്‍. കൊലപാതകത്തിനു പിന്നിലുള്ളവരെ നിയമത്തിന്റെ എല്ലാ അധികാരവും വച്ചു ശിക്ഷിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
ഖഷഗ്ജിയുടെ തിരോധാനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്വേഷണത്തിന് ഉത്തരവിടണമെന്നു കഴിഞ്ഞവാരം വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ ജെംഗിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുതിയ ലേഖനത്തില്‍ അന്വേഷണത്തിനു പകരം പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.
മുഹമ്മദ് ബിന്‍ സല്‍മാന്റെ ദൂതന്മാരാല്‍ ജമാല്‍ കൊല്ലപ്പെട്ടെന്ന ആരോപണം ശരിയാണെങ്കില്‍ അദ്ദേഹം ഇതിനകം രക്തസാക്ഷിയായി. ആ നഷ്ടം എന്റേതു മാത്രമല്ല. ബോധവും ധാര്‍മികതയുമുള്ള എല്ലാ വ്യക്തിയുടേതുമാണ്. ജമാലിനെ നമുക്ക് ഇതിനകം നഷ്ടമായെങ്കില്‍ വെറും അപലപിക്കല്‍ മാത്രം പോര. അദ്ദേഹത്തെ ഞങ്ങളില്‍ നിന്നു പിടിച്ചെടുത്തവര്‍ ആരായാലും അവര്‍ ഏത് രാഷ്ട്രീയ നിലപാടുള്ളവരായാലും കണക്കു പറയണമെന്നു ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top