ഖഷഗ്ജിയെ കഷണങ്ങളാക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്ന് ; നിലവിളി താഴെയുള്ള സാക്ഷികള്‍ കേട്ടതായും വെളിപ്പെടുത്തല്‍

ആങ്കറ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ ശരീരം സൗദി കൊലയാളിസംഘം ഇസ്താംബൂള്‍ കോണ്‍സുലേറ്റിലിട്ട് ചെറിയ കഷണങ്ങളാക്കുമ്പോഴും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. മിഡിലീസ്റ്റ് ഐ വാര്‍ത്താ വെബ്‌സൈറ്റാണ് തുര്‍ക്കി അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. ഇക്കാര്യം ഇതുമായി ബന്ധപ്പെട്ട ഓഡിയോ ടേപ്പില്‍ നിന്നു വ്യക്തമാണെന്നും റിപോര്‍ട്ട് പറയുന്നു. ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയതിന്റെ ഓഡിയോ ടേപ്പ് കേട്ട തുര്‍ക്കി സ്രോതസ്സിനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഖഷഗ്ജി മരിക്കാന്‍ ഏഴു മിനിറ്റെടുത്തു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഓഫിസില്‍ നിന്ന് അദ്ദേഹത്തെ തൊട്ടടുത്ത മുറിയിലെ മേശയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഭീതിദമായ നിലവിളി താഴെയുള്ള സാക്ഷികള്‍ കേട്ടിട്ടുണ്ട്. കൊല്ലുംമുമ്പ് കോണ്‍സല്‍ ജനറലിനെയും മുറിയില്‍ നിന്നു പുറത്താക്കി. അദ്ദേഹത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങളൊന്നും നടന്നില്ല. കൊല്ലാന്‍ വേണ്ടി തന്നെയാണ് അവര്‍ വന്നത്.
ഖഷഗ്ജിയെ എന്തോ കുത്തിവയ്ക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ നിലവിളി നിലയ്ക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു. ഒക്ടോബര്‍ 2നാണ് ഖഷഗ്ജി സൗദി കോണ്‍സുലേറ്റിലേക്ക് എത്തുന്നത്. അതിനു തൊട്ടുമുമ്പുള്ള ദിവസം ആങ്കറയിലേക്ക് സ്വകാര്യ വിമാനത്തില്‍ എത്തിയ 15 അംഗ സൗദി സംഘത്തിലൊരാള്‍ സൗദി ജനറല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ഫോറന്‍സിക് എവിഡന്‍സ് തലവന്‍ സലാഹ് മുഹമ്മദ് ആല്‍ തുബൈഗിയാണ്. മേശയില്‍ കിടത്തിയ ഖഷഗ്ജിയുടെ ശരീരം തുബൈഗി കഷണങ്ങളായി മുറിക്കുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. നിരവധി മിനിറ്റുകള്‍ നരകിച്ചശേഷമാണ് ഖഷഗ്ജി മരിക്കുന്നത്. ഖഷഗ്ജിയുടെ മൃതദേഹം കഷണങ്ങളാക്കി വെട്ടിമുറിച്ചശേഷം തുൈബഗി ഇയര്‍ഫോണ്‍ വച്ച് പാട്ടുകേട്ടു. തന്റെ കൂടെയുള്ളവരോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞു. ഈ പണി ചെയ്താല്‍ ഞാന്‍ പാട്ടുകേള്‍ക്കാറുണ്ട്. നിങ്ങളും അതുപോലെ ചെയ്യൂ എന്ന് തുൈബഗി പറയുന്നത് വോയ്‌സ് ക്ലിപ്പില്‍ വ്യക്തമാണെന്ന് സ്രോതസ്സ് പറയുന്നു. മുന്നു മിനിറ്റ് വരുന്ന ഓഡിയോ ടേപ്പ് തുര്‍ക്കി ദിനപത്രമായ സബാഹിന് കൈമാറിയിട്ടുണ്ടെങ്കിലും അവര്‍ അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തുര്‍ക്കിയിലേക്ക് തുബൈഗി എല്ലുകള്‍ മുറിക്കുന്ന യന്ത്രവുമായാണ് എത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സൗദി ഫെലോഷിപ്പ് ഓഫ് ഫോറന്‍സിക് പത്തോളജിയുടെ പ്രസിഡന്റും സൗദി അസോസിയേഷന്‍ ഫോര്‍ ഫോറന്‍സിക് പത്തോളജി അംഗവുമാണ് തുബൈഗി. 2014ല്‍ ലണ്ടന്‍ ആസ്ഥാനമായ സൗദി ദിനപത്രം അഷറാഖ് അല്‍ അവ്‌സാത്ത് തുബൈഗിയുമായി നടത്തിയ അഭിമുഖത്തില്‍ മരണപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടകരെ ഏഴു മിനിറ്റുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മൊബൈല്‍ ക്ലിനിക്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. അതേ സംവിധാനമാണ് ഇവിടെയും ഉപയോഗിച്ചത്.

RELATED STORIES

Share it
Top