ഖലീജ് ടൈംസ് മുന്‍ പത്രാധിപര്‍ നിഹാല്‍ സിംങ് അന്തരിച്ചുദുബയ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസിന്റെ മുന്‍ പത്രാധിപരുമായിരുന്ന നിഹാല്‍ സിംങ് (88)അന്തരിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റ്യൂട്ടില്‍ വെച്ചായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സിലും സ്റ്റേറ്റ്മാന്‍ പത്രങ്ങളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം അടിയന്തിരാവസ്ഥയെ എതിര്‍ത്തതിനെ തുടര്‍ന്ന് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഇന്റര്‍നാഷണല്‍ എഡിറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മോസ്‌കോ, ലണ്ടന്‍, ഇന്തോനേസ്യ, അമേരിക്ക എന്നിവിടങ്ങളില്‍ വിദേശകാര്യ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാല പത്രാധിപരും ഏറെ അനുഭവ പരിചയവുമുള്ള നിഹാല്‍ സിംങുമായി ഏറെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ഖലീജ് ടൈംസ് പത്രത്തിന്റെ ബിസിനസ്സ് എഡിറ്ററും മലയാളിയുമായ ഐസക്ക് ജോണ്‍ പട്ടാണി പറമ്പില്‍ പറഞ്ഞു. 4 വര്‍ഷത്തോളം അദ്ദേഹവുമൊന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഏതാനും വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. മക്കളില്ല. മൃതദേഹം ചൊവ്വാഴ്ച ഡല്‍ഹിയില്‍ സംസ്‌ക്കരിക്കും.

RELATED STORIES

Share it
Top