ഖനന മാഫിയ അനുമതി തേടിയത് നീരുറവ നികത്തിയ റോഡ് നിര്‍മിക്കാന്‍

വാണിമേല്‍: ഉടുമ്പിറങ്ങി മലയില്‍ ഖനന മാഫിയ വാങ്ങിയ സ്ഥലത്തേക്കു നിര്‍മിക്കാന്‍ അനുമതി തേടിയത്  നേരത്തെ രണ്ടു നീരുറവകള്‍ നികത്തിയ സ്ഥലത്ത്. പഞ്ചായത്തു അനുമതി നല്‍കിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി ഉപയോഗിക്കാനാണ് സ്വകാര്യ റോഡിനുള്ള അപേക്ഷയെന്നു സൂചന.
വിലങ്ങാട് മലയോരത്തെ ആദിവാസി കോളനിക്കും ഹൈസ്‌കൂള്‍ ചര്‍ച് എന്നിവക്കും ഭീഷണിയാകുന്ന ക്വാ റിക്കെതിരെ ജനരോഷമുണ്ടായാല്‍ അത് പഞ്ചായത്തിനെതിരേ തിരിച്ചുവിട്ടു രക്ഷപ്പെടാനുള്ള തന്ത്രം കൂടിയാണ് പഞ്ചായത്തില്‍ റോഡിനു അപേക്ഷ നല്‍കിയത്. മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം കഴിഞ്ഞ ദിവസമാണ് ഉടുമ്പിറങ്ങി മലയിലെ സ്വകാര്യ സ്ഥലത്തേക്ക് റോഡ് നിര്‍മിക്കാന്‍ പഞ്ചായത്തിനോട് അനുമതി തേടിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ ഇവിടെ സ്ഥലം വാങ്ങിയ സമയത്തു കൂറ്റന്‍ പാറകളും മണ്ണുമിട്ട് റോഡ് നിര്‍മിച്ചിരുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ചു അന്ന് നിര്‍മിച്ച റോഡിനായി മയ്യഴി പുഴയില്‍ ചെന്ന് ചേരുന്ന രണ്ടു തോടുകള്‍ മണ്ണിട്ട് നികത്തിയിരുന്നു.
വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ അന്ന് റോഡ് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. ആ റോഡ് നിര്‍മിക്കാനാണ് ഇപ്പോള്‍ പഞ്ചായത്തിനോട് അനുമതി തേടിയിട്ടുള്ളത്.തോടില്‍ പാലം പണിയാതെ റോഡ് നിര്‍മിക്കരുതെന്നു അന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്നും അനുമതിയുണ്ടെന്ന് കാണിച്ചു പാലം പണിയാതെ റോഡ് നിര്‍മിക്കാനാണ് ഇവരുടെ നീക്കം.  ക്വറിയും ക്രഷറും നിര്‍മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയ ശേഷം പഞ്ചായത്തിനെ സമീപിക്കാനാണത്രെ ക്വാറി ഉടമകളുടെ തീരുമാനം. എന്നാല്‍ വാണിമേല്‍ പഞ്ചായത്തില്‍ ക്വാറിക്കും ക്രഷറിനും അനുമതി നല്‍കേണ്ട എന്നാണ് ഭരണകക്ഷിയായ ലീഗിന്റെ  തീരുമാനം എന്നറിയുന്നു.

RELATED STORIES

Share it
Top