ഖനന നിയമം പരിഷ്‌കരിച്ചുതിരുവനന്തപുരം: ചെറുകിട ധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതായി വ്യവസായ -കായിക മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ഇതോടെ റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റര്‍ ആയി കുറച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദൂരം 100 മീറ്റര്‍ ആയി ഉയര്‍ത്തിയിരുന്നു. ഇതുകാരണം സംസ്ഥാനത്തെ രണ്ടായിരത്തിലധികം ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. സംസ്ഥാനത്തിനാവശ്യമുള്ള നിര്‍മാണ സാധനങ്ങളുടെ ഭൂരിഭാഗവും ചെറുകിട ക്വാറികളില്‍നിന്നാണ് ലഭ്യമായിരുന്നത്. ചെറുകിട ക്വാറികളില്‍ നിന്നുള്ള ഉല്‍പാദനം നിലച്ചതോടെ നിര്‍മാണ സാധനങ്ങളുടെ വില അമിതമായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വ്യവസായവകുപ്പ് ഇതേപ്പറ്റി പരിശോധന നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും പൊതു സ്ഥലങ്ങളില്‍നിന്നുള്ള ദൂരപരിധി 50 മീറ്റര്‍ എന്ന് നിജപ്പെടുത്തിയിരിക്കുമ്പോഴാണ് കേരളത്തില്‍ മാത്രം 100 മീറ്റര്‍ ആയി വര്‍ധിപ്പിച്ച് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗം കേരളത്തിലെ ചട്ടങ്ങളും കേന്ദ്ര നിയമത്തിനനുസൃതമായി ദൂരപരിധി 50 മീറ്റര്‍ ആയി പുനസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

RELATED STORIES

Share it
Top