ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി പുനപ്പരിശോധിക്കണമെന്ന് വനംവകുപ്പ്‌

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറി തുടങ്ങാന്‍ ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയ സമിതി (ഡിഇഐഎഎ) നല്‍കിയ അനുമതി പുന:പരിശോധിക്കണമെന്ന് ഡിവിഷല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാര്‍ . ജില്ലാകലക്ടര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
ഖനനത്തിനെതിരെ ചെങ്ങോടു മല സംരക്ഷണ വേദി നല്‍കിയ നിവേദനത്തില്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ ഈ പ്രദേശത്ത് ഖനനം പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതായി ഡിഎഫ്ഒ കത്തില്‍ വ്യക്തമാക്കി. ഖനന പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിധ്യം നശിപ്പിക്കുന്നതിനും നീര്‍മറി പ്രദേശത്തിന്റെ ശോഷണത്തിനും കാരണമാവും കൂടാതെ  നൈസര്‍ഗിക ജലസംരക്ഷണത്തേയും പ്രതികൂലമായി ബാധിക്കും.
ഈ പ്രദേശത്തെ ഖനനത്തിനായുള്ള അപേക്ഷ ജില്ല പരിസ്ഥിതി നിര്‍ണ്ണയ സമിതി (ഡിഇഎസി)മുമ്പാകെ വന്നതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയത് ഏതാനും ചിലര്‍ മാത്രമാണ്. കമ്മിറ്റിയിലെ അംഗങ്ങളായ സിഡബ്ല്യുആര്‍ഡിഎം, ഇസെഡ്. എസ്‌ഐ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരൊ ജലസംരക്ഷണം, വന സംരക്ഷണം, തുടങ്ങിയ മേഖലകളില്‍ പ്രാവിണ്യമുള്ളവരൊ ഇല്ലാതെയാണ് പരിശോധന നടത്തിയത്.
ഈ പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യമോ മണ്ണ് - ജലസംരക്ഷണത്തില്‍ പ്രദേശത്തിന്റെ സംഭാവനകളോ പരിഗണിക്കാതെയാണ് (ഡിഇഎസി)ഈ അപേക്ഷയില്‍ ഖനനാനുമതിക്ക് ശുപാര്‍ശ ചെയ്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏതൊരു പ്രദേശത്തിന്റേയും പാരിസ്ഥിതിക പ്രാധാന്യം സൂക്ഷമമായി പരിശോധിക്കുന്നതിനാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഡിഇഎസി രൂപീകരിച്ചത്.
എന്നാല്‍ ഈ നിയമം വിഭാവനം ചെയ്യുന്നതു പോലുള്ള തരത്തില്‍ ഈ പ്രദേശത്ത് പരിശോധന നടത്താത്തതിനാല്‍ ഖനനാനുമതി  റദ്ദാക്കണമെന്നാണ് ഡിഎഫ്ഒ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top