ഖത്തറില്‍ വീണ്ടും മെര്‍സ്‌ദോഹ: ഖത്തറില്‍ പുതിയൊരു മെര്‍സ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. 29 വയസുകാരനാണ് മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (മെര്‍സ്) സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.2012 മുതല്‍ ഇതുവരെ 21 കേസുകള്‍ സ്ഥിരീകരിച്ചതില്‍ ആറ് പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.  ഒട്ടകങ്ങളെ പരിപാലിക്കുന്ന തൊഴിലാളിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പനിയും കടുത്ത ചുമയും ബാധിച്ചതിനെ തുടര്‍ന്നാണ് ചികില്‍സ തേടിയത്. ഹമദ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയെ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.  രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗി മെര്‍സ് ബാധിതരുമായി അടുത്തിടപഴുകുകയോ രാജ്യത്തിന് പുറത്ത് യാത്ര നടത്തുകയോ ചെയ്തിരുന്നില്ല. മറ്റ് രോഗങ്ങളും ഉണ്ടായിരുന്നില്ല. മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണസാംക്രമിക രോഗ നിയന്ത്രണ വിഭാഗം, മൃഗാരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളിലെ ദ്രുതകര്‍മ സേന രോഗം വരാനുള്ള സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. രോഗിയുടെ അടുത്ത പരിചയക്കാരില്‍ ആര്‍ക്കെങ്കിലും മെര്‍സ് ബാധിച്ചിട്ടുണ്ടോയെന്നത് ഉറപ്പാക്കും. രോഗിയുടെ അടുത്ത എല്ലാ പരിചയക്കാരേയും രണ്ടാഴ്ച നിരീക്ഷിക്കും. സംശയാസ്പദമായ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിശദമായ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കും. രാജ്യത്ത് ചൂടും പൊടിക്കാറ്റും വര്‍ധിക്കുന്നതിനാല്‍ പ്രതിരോധ ശേഷി കുറവുള്ളവരും മറ്റ് രോഗങ്ങളുള്ളവരും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി സൂക്ഷിക്കണം. രോഗബാധിതരായ മൃഗങ്ങളുമായി അടുത്തിടപഴുകരുത്. സംശയാസ്പദമായ രീതിയില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ 66740948 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top