ഖത്തറില്‍ മരുന്ന് ക്ഷാമംദോഹ: വിതരണം നിലച്ചതു മൂലം ഓക്കാനത്തിനും തല ചുറ്റലിനും സാധാരണയായി ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ ഖത്തറില്‍ കിട്ടാനില്ല. യാത്ര, ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കല്‍, ഗര്‍ഭം തുടങ്ങിയവ മൂലം ഉണ്ടാകുന്ന ഓക്കാനം, ഛര്‍ദി, തലചുറ്റല്‍ എന്നിവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന നവിഡോക്‌സിന്‍, വൊമിനോര്‍ എന്നീ രണ്ടു മരുന്നുകളാണ് രണ്ട് മാസമായി വിപണിയില്‍ കിട്ടാനില്ലാത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. രണ്ടു മരുന്നുകളും കുറേക്കാലമായി വരുന്നില്ല. വൊമിനോര്‍ രണ്ട് മാസമായി സ്‌റ്റോക്കില്ല. നവിഡോക്‌സിന്‍ കിട്ടാതായിട്ട് അതിനേക്കാള്‍ കൂടുതല്‍ കാലമായി- വക്‌റയിലെ ഒരു ഫാര്‍മസിസ്റ്റ് പറഞ്ഞു. മരുന്നു വിതരണക്കാര്‍ ഇത് വിതരണം ചെയ്യാത്തതാണ് ദൗര്‍ലഭ്യത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നവിഡോക്‌സിന് ഖത്തറില്‍ ഒരു വിതരണക്കാരനും വൊമിനോറിന് രണ്ടു പേരുമാണുള്ളത്. ഇത് അപര്യാപ്തമാണ്. കൂടുതല്‍ വിതരണക്കാര്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം പ്രതിസന്ധി നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനം പിരട്ടല്‍ നേരിടുന്ന ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായ മരുന്നാണെന്നതിനാല്‍ ആവശ്യക്കാര്‍ കൂടുതലാണ്. ദീര്‍ഘ യാത്രയില്‍ ഛര്‍ദിയും തലചുറ്റലും അനുഭവപ്പെടുന്നവര്‍ക്ക് വളരെ സഹായകമാണ് ഈ മരുന്നുകളെന്ന് ഓള്‍ഡ് എയര്‍പോര്‍ട്ടിലെ മറ്റൊരു ഫാര്‍മസിസ്റ്റ് പറഞ്ഞു. ഇതിന് പകരം മരുന്നുകളുണ്ടെങ്കിലും വൊമിനോറിന്റെയും നവിഡോക്‌സിന്റെയും ഗുണം കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്നുകളുടെ ദൗര്‍ലഭ്യം പ്രയാസം സൃഷ്ടിക്കുന്നതായി ഉപഭോക്താക്കളും പരാതിപ്പെട്ടു.

RELATED STORIES

Share it
Top