ഖത്തറില്‍ ചാകര; മല്‍സ്യവില കുത്തനെ കുറഞ്ഞു

ദോഹ: തണുപ്പ് സീസണില്‍ മല്‍സ്യങ്ങളുടെ ലഭ്യത വന്‍തോതില്‍ കൂടിയതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വിലയില്‍ കാര്യമായ കുറവ് വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടലിലിറങ്ങിയ ബോട്ടുകള്‍ മുഴുവന്‍ നിറയെ മീനുമായാണ് തിരിച്ചെത്തിയത്. ഇന്നലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അയക്കൂറയുടെ വില 25 റിയാലിനും 30 റിയാലിനും ഇടയിലായിരുന്നു. വലുപ്പത്തിനനുസരിച്ചാണ് അയക്കൂറ വില വ്യത്യാസപ്പെടുന്നത്. ഏറ്റവും വലുപ്പം കൂടിയതിന് 30 റിയാലാണ് വില. എന്നാല്‍, തീരെ ചെറിയവ കിലോയ്ക്ക് 23 റിയാലിന് വരെ ലഭ്യമായിരുന്നു. ഖത്തറിലെ ഏറ്റവും ജനപ്രിയ മല്‍സ്യമായ ഹമൂര്‍ ഇന്നലെ വിറ്റത് കിലോയ്ക്ക് 35 റിയാലിനാണ്. ഹമൂര്‍ ചെറുതിന് 30 റിയാലായിരുന്നു വില.
കിലോയ്ക്ക് 12 റിയാല്‍ നിരക്കിലാണ് ഷേരി വില്‍പ്പന നടത്തിയത്. ഏറ്റവും വില കുറവ് ഫോസ്‌കര്‍ മല്‍സ്യത്തിനായിരുന്നു, കിലോയ്ക്ക് 8 റിയാല്‍. കുഫര്‍ കിലോയ്ക്ക് 10 റിയാലിന് ലഭിച്ചു. ജാഷിന് 20 റിയാലും സുബൈദിക്ക് 30 റിയാലുമായിരുന്നു വില. സാഫി മല്‍സ്യത്തിന്റെ വിലയിലും കുറവുണ്ടായി. രണ്ടു തരത്തിലുള്ള സാഫിയാണ് ഖത്തറില്‍ ലഭ്യമായിട്ടുള്ളത്. അല്‍ശമാല്‍ ഭാഗത്ത് നിന്ന് ലഭിക്കുന്ന സാഫിക്ക് കിലോ 35 റിയാലായിരുന്നു വില. അതേ സമയം, ദോഹയ്ക്ക് സമീപത്ത് നിന്ന് പിടിക്കുന്നവ 30 റിയാലിനാണ് വിറ്റത്. രണ്ടും കാണാന്‍ ഒരുപോലെയാണെങ്കിലും രുചിയില്‍ വ്യത്യാസമുണ്ടെന്നാണ് ഈ രംഗത്ത് പരിചയമുള്ളവര്‍ പറയുന്നത്. മീനിന്റെ ലഭ്യതയ്ക്കനുസരിച്ച് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വില കൂടുകയും കുറയുകയും ചെയ്യാറുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ വന്‍തോതില്‍ മല്‍സ്യം കിട്ടും. അതോടെ വില കുത്തനെ ഇടിയുകയും ചെയ്യും.
പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2 വരെ, വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളായാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരമാണ് മീന്‍ ലേലം നടക്കുക.

RELATED STORIES

Share it
Top