ഖത്തര്‍ റെഡ്ക്രസന്റ് സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം; 40,000 ബംഗ്ലാദേശ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തി

ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് നടപ്പിലാക്കുന്ന സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ ഐ ട്രീറ്റ്‌മെന്റ് 40,000 ബംഗ്ലാദേശ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തിയതായി റെഡ്ക്രസന്റ് വൃത്തങ്ങള്‍ പ്രഖ്യാപിച്ചു. ഇസ്‌ലാമിക് ദഅ്‌വ, അല്‍ബസര്‍ ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലാണ് ഖത്തര്‍ റെഡ്ക്രസന്റ് ആരോഗ്യ പരിപാടി നടപ്പിലാക്കുന്നത്.
1,87,330 അമേരിക്കന്‍ ഡോളറാണ് പദ്ധതിയുടെ ബജറ്റ്. ഒരു വര്‍ഷം നീണ്ടുനിന്ന ഒന്നാം ഘട്ടത്തില്‍ ധക്കയിലെ 104 സ്‌കൂളുകളില്‍ റെഡ്ക്രസന്റ് വൈദ്യ സംഘം സന്ദര്‍ശനം നടത്തുകയും 40,163 വിദ്യാര്‍ഥികളില്‍ വൈദ്യ പരിശോധന നടത്തുകയും ചെയ്തു. കൂടാതെ സ്‌കൂള്‍ ജീവനക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത 190 പേര്‍ക്ക് നേതൃ രോഗവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുകയും ചെയ്തു.
വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയില്‍ 3266 പേര്‍ക്ക് ചികിത്സ ആവശ്യമായതായി കണ്ടെത്തി. ഇതില്‍ 1433 പേരെ ദിശവ്യതിയാന പരിശോധന നടത്തി. 501 പേരെ കൂടുതല്‍ ചികിത്സക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു. 815 വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. 25 പേര്‍ക്ക് നേതൃ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തതായി റെഡ്ക്രസന്റ് വിശദമാക്കി.
ആഗോള നേതൃരോഗ കണക്കിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശിലെ നേതൃരോഗ നിരക്ക് ഉയര്‍ന്നതാണ്. നേതൃ പരിശോധനകള്‍ ആവശ്യമായ സ്‌കൂളുകളുടെ കണക്കെടുക്കുകയും അല്‍ബസര്‍ ചാരിറ്റിയിലെ മെഡിക്കല്‍ ടീമിനു പ്രത്യേക പരിശീലനം നല്‍കി സ്‌കൂളുകളിലേക്ക് അയക്കുകയുമാണ് പ്രാഥമികമായി ചെയ്തത്.
കൂടാതെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും നേതൃരോഗം കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.

RELATED STORIES

Share it
Top