ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍കൊടുങ്ങല്ലൂര്‍: ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക്ക് തമീം ബിന്‍ അല്‍ത്താനിയുടെ പൂര്‍ണ്ണകായചിത്രം ലോകത്തെ വിഖ്യാതചിത്രകാരന്‍മാരെ കൊണ്ട് വരച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ(47)യാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ എറണാകുളത്തു നിന്നും പിടികൂടിയത്. റൂറല്‍ എസ്പി എം കെ പുഷ്‌കരന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
2018 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ഖത്തറില്‍ ഒരു കമ്പനിയില്‍ ഓഡിറ്റര്‍ ആയി ജോലി നോക്കിയിരുന്ന സുനില്‍ മേനോന്‍ അവിടെ നിന്നു പോന്ന ശേഷം പലവിധ ഓണ്‍ലൈന്‍ ബിസിനസുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിലൊക്കെ ശ്രമിച്ച് പരാജയപ്പെട്ട് നില്‍ക്കുമ്പോഴാണ് ദോഹയില്‍ ജോലി നോക്കിയിരുന്ന കാലയളവില്‍ മ്യൂസിയത്തിലെ സംവിധാനങ്ങള്‍ മനസ്സിലാക്കുന്നത്. അതിനു ശേഷം സിങ്കപ്പൂര്‍, തായ്‌ലാന്റ്, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ബംഗ്ലാദേശ്, ഇന്ത്യയിലെ കൊല്‍ക്കത്ത, ആഗ്ര, ജയ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പുരാവസ്തു ശേഖരങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ച സിഡികള്‍ മ്യൂസിയത്തിന് സമര്‍പ്പിച്ചെങ്കിലും മ്യൂസിയം അധികൃതര്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ ബിസിനസ് കമ്പനി എന്ന പേരില്‍ വ്യാജ അഡ്രസ് ഉണ്ടാക്കി ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സനായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ ഈമെയില്‍ ചെയ്ത് കബളിപ്പിച്ചാണ് അഞ്ചു കോടി അഞ്ചു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. ഇതിനായി സുനില്‍മേനോന്‍ രണ്ടു വര്‍ഷത്തോളമായി ഗവേഷണം നടത്തി വരികയായിരുന്നു. രാജാവിന്റെ ചിത്രങ്ങള്‍ പ്രമുഖരായ ചിത്രകാരന്‍മാരെ കൊണ്ട് തുകല്‍ മാറ്റില്‍ ഗോള്‍ഡ്, കോപ്പര്‍ ഫ്രെയിമുകളില്‍ വരച്ചു നല്‍കാമെന്നുള്ള കരാര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സനായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ വ്യാജ ഇ-മെയില്‍ അഡ്രസിലൂടെ ഇയാള്‍ മ്യൂസിയം അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. 10 ചിത്രങ്ങള്‍ക്ക് 10 കോടി 10 ലക്ഷം രൂപയായിരുന്നു കരാര്‍. രാജകുടുംബാംഗത്തിന്റെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് മ്യൂസിയം അധികൃതര്‍ അഡ്വാന്‍സ് തുകയായി അഞ്ചു കോടി അഞ്ചു ലക്ഷം സുനില്‍ മേനോന്റെ കൊടുങ്ങല്ലൂര്‍ എസ്ബിഐ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ മ്യൂസിയവുമായി ബന്ധപ്പെടാതിരുന്നപ്പോളാണ് തട്ടിപ്പ് മനസ്സിലായത്. തട്ടിപ്പിലൂടെ പണം ലഭിച്ച ശേഷം സുനില്‍ കുടുംബത്തോടൊപ്പം ബാങ്കോക്കിലും പട്ടായയിലും ടൂര്‍ പോയിരുന്നു. ഇതിനിടെ ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന ജീപ്പ് കോമ്പസ് വാഹനവും വാങ്ങി. 15 ലക്ഷം രൂപയോളം ബന്ധുക്കള്‍ക്ക് നല്‍കി. നാലു കോടി രൂപ ഒരു കോടി രൂപ വീതം നാലു ബാങ്കില്‍ എഫ്ഡി ആയും 60 ലക്ഷം രൂപയോളം സേവിങ്‌സിലേക്കും പിന്‍വലിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top