ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ കുളിമുറിയില്‍ 7 കിലോ സ്വര്‍ണം കണ്ടെത്തി

gold
ദോഹ: ഇന്ത്യയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് ഏഴ് കിലോഗ്രാമിലേറെ സ്വര്‍ണം കണ്ടെത്തിയതായി റിപോര്‍ട്ട്. ഗോവ വിമാനത്താവളത്തില്‍ ഇറങ്ങിയ സമയത്ത് നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി ഫ്രീയുടെ പ്ലാസ്റ്റിക്ക് ബാഗിനകത്ത് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
600 ചെയ്‌നുകള്‍, വളകള്‍, ബ്രേസ്‌ലെറ്റുകള്‍ തുടങ്ങിയവയാണ് എയര്‍ബസ് എ320 വിമാനത്തിന്റെ പിറകു വശത്തുള്ള കുളിമുറിയിലെ മാലിന്യ ബാസ്‌ക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. [related]
ഈയാഴ്ച്ച ഇത് രണ്ടാം തവണയാണ് ഗോവയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 24ന് വിമാനത്തിലെ ലൈഫ് ജാക്കറ്റ് പൗച്ചുകളിലൊന്നില്‍ ഒളിപ്പിച്ച നിലയില്‍ 2 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് ഗോവ കസ്റ്റംസ് കമ്മീഷണര്‍ കെ അന്‍പഴകന്‍ ഗോവ ഹെറാള്‍ഡ് പത്രത്തോട് പറഞ്ഞു. നേരത്തേ എയര്‍ ഇന്ത്യയുടെ എഐ984 വിമാനമാണ് കള്ളക്കടത്തുകാര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ വിമാനം ഗോവയിലേക്കുള്ള സര്‍വീസ് അവസാനിപ്പിച്ചതോടെയാണ് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്ന് അന്‍പഴകന്‍ പറഞ്ഞതായും ഗോവ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. വിമാനത്തിലെ ജീവനക്കാരുടെയോ എയര്‍പോര്‍ട്ട് ജീവനക്കാരുടെയോ സഹായത്തോടെയാവാം ഇത് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംഭവത്തെക്കുറിച്ച് ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രതികരണം ലഭ്യമായിട്ടില്ലെന്ന് ദോഹ ന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top