ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം

ദോഹ: ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ നീക്കം നടത്തുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായ ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ ഉപരോധവുമായി ബന്ധപ്പെട്ടു ഖത്തര്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിക്കുന്നതിനെ കുറിച്ചാണ് ഗള്‍ഫ് നേതാക്കള്‍ ആലോചിക്കുന്നതെന്നാണ് വിവരം. സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്കും തിരിച്ചും പൗരന്‍മാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവസരമൊരുക്കും.
ബുധനാഴ്ച ലണ്ടനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള പ്രധാന ചര്‍ച്ചാവിഷയവും ഖത്തര്‍ ഉപരോധമായിരിക്കുമെന്നു ഗാര്‍ഡിയന്‍ റിപോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ് മേഖലയെ ഗുരുതരമായി ബാധിച്ച ഉപരോധം പിന്‍വലിക്കാന്‍ ബ്രിട്ടന്‍ നേരത്തേ സൗദിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഈ മാസം അവസാനം റിയാദില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു ഖത്തറിനെ തടയില്ലെന്ന് ഈജിപ്ത് സന്ദര്‍ശനത്തിനിടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഈജിപ്തിലെ അല്‍ ഷുറൂഖ് ദിനപത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സായുധ സംഘങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നു എന്നാരോപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

RELATED STORIES

Share it
Top