ഖത്തരികളുടെ മോചനം; റുമൈഹി ഇറാഖ് പ്രധാനമന്ത്രിയെ കണ്ടു

ദോഹ: ഇറാഖില്‍ സായുധ സംഘത്തിന്റെ തടവിലുള്ള ഖത്തരികളുടെ മോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി ഇറാഖ് പ്രധാനമന്ത്രി ഡോ. ഹൈദര്‍ അല്‍ഇബാദിയുമായി ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ കൂടിക്കാഴ്ച നടത്തി. ഖത്തരികളുടെ മോചനത്തിനായി ഇറാഖ് ഗവണ്‍മെന്റ് നടത്തുന്ന പരിശ്രമങ്ങളെ റുമൈഹി അഭിനന്ദിച്ചു. ഇറാഖ് നിയോഗിച്ച പ്രത്യേക സുരക്ഷാ വിഭാഗം ഖത്തരികളെ മോചിപ്പിക്കുന്നതിന് അങ്ങേയറ്റം പരിശ്രമിക്കുന്നതായി ഹൈദര്‍ ചൂണ്ടിക്കാട്ടി.
ഇറാഖ് ആഭ്യന്തര മന്ത്രി മുഹമ്മദ് സാലിം അല്‍ഗബാന്‍, ഇറാഖ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫാലിഹ് അല്‍ഫയാദ് തുടങ്ങിയ ഇറാഖി ഉന്നത പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഖത്തര്‍ അംബാസഡര്‍ സായിദ് ബിന്‍ സഈദ് അല്‍ഖയാരീനും ഖത്തര്‍ പ്രതിനിധി സംഘവും റുമൈഹിയോടൊപ്പമുണ്ടായിരുന്നു.
ഇറാഖിന്റെ തെക്കെ അതിര്‍ത്തിയില്‍ മൃഗ വേട്ടക്കെത്തിയ ഖത്തരി സംഘത്തെ നൂറോളം വരുന്ന സായുധ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘത്തിലെ ഒമ്പതു പേരെ നേരത്തെ മോചിപ്പിക്കുകയുണ്ടായി. അവശേഷിക്കുന്നവരുടെ മോചനത്തിനു ഖത്തര്‍ തീവ്രമായി ശ്രമിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോയ വാര്‍ത്ത വന്നയുടന്‍ തന്നെ ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാഖി വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും ഇവരുടെ മോചനത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോചന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രിയെയും ഇറാഖിലെ ഖത്തര്‍ അംബാസഡറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഇറാഖ് പ്രധാനമന്ത്രിയുമായി ടെലഫോണില്‍ സംസാരിക്കുകയും ചെയ്തു.

RELATED STORIES

Share it
Top