കൗമാരവ്യഥകള്‍

കൗമാരകാലം കളിചിരിയുടെ കാലമാണെന്നു കവികള്‍ പറയും. വാര്‍ധക്യത്തിലേക്ക് കാലൂന്നിയ കൂട്ടര്‍ക്കും തിരിഞ്ഞുനോക്കുമ്പോള്‍ കൗമാരകാലത്തെ ഗൃഹാതുരത്വത്തോടെ മാത്രമേ ഓര്‍മിക്കാനാവൂ. എന്നാല്‍, എന്താണ് കൗമാരകാലത്തെ യഥാര്‍ഥ അനുഭവങ്ങള്‍? കടുത്ത മാനസിക പീഡനങ്ങളും സംഘര്‍ഷങ്ങളും കുമാരീകുമാരന്‍മാര്‍ അനുഭവിക്കുന്നുണ്ട് എന്നതാണു പരമാര്‍ഥം. മുതിര്‍ന്നവരില്‍ നിന്നുള്ള ലൈംഗിക കടന്നാക്രമണങ്ങളും അവര്‍ പലപ്പോഴും നേരിടുന്നുണ്ട്. കുടുംബാന്തരീക്ഷത്തില്‍ തന്നെയാണ് പലപ്പോഴും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. അതിനാല്‍ പല കുട്ടികള്‍ക്കും തങ്ങളുടെ വ്യഥകള്‍ ഏറ്റവും അടുപ്പമുള്ള ബന്ധുക്കളോടുപോലും തുറന്നുപറയാനാവാത്ത അവസ്ഥയുമുണ്ട്.
അമേരിക്കയില്‍ 11-19 പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടത് മാനസിക സംഘര്‍ഷം കാരണം 30 ശതമാനത്തോളം പെണ്‍കുട്ടികള്‍ സ്വയം പരിക്കേല്‍പ്പിക്കുന്നുണ്ടെന്നാണ്. മുറിവേല്‍പിക്കുകയോ പൊള്ളിക്കുകയോ ഒക്കെയാണു പലരും ചെയ്യുന്നത്. എന്നാല്‍, ആണ്‍കുട്ടികള്‍ക്കിടയില്‍ ഇത്തരം ആത്മപീഡനം അത്ര അധികമില്ല. സര്‍വേയില്‍ പങ്കെടുത്ത 65,000 കുട്ടികളില്‍ നാലിലൊന്നു പെണ്‍കുട്ടികള്‍ ഇത്തരം പീഡനത്തിന് സ്വയം വിധേയരായി എന്നാണു വ്യക്തമാക്കിയത്. ആണ്‍കുട്ടികള്‍ക്കിടയില്‍ അതു പത്തിലൊന്നാണ്.
ഇത്തരം പഠനങ്ങള്‍ സമീപകാലത്താണ് ആരംഭിച്ചത്; അതും വികസിത രാജ്യങ്ങളില്‍ മാത്രം. അവികസിത രാജ്യങ്ങളില്‍ കുമാരീകുമാരന്‍മാരുടെ പ്രശ്‌നങ്ങള്‍ വളരെ പരിമിതമായ മട്ടില്‍ മാത്രമാണ് ഇതുവരെ പഠനവിധേയമാക്കപ്പെട്ടിട്ടുള്ളത്.

RELATED STORIES

Share it
Top