കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; മേയറെ പ്രതിപക്ഷം മുറിയില്‍ പൂട്ടിയിട്ടു

കൊച്ചി:  റോ റോ വിഷയത്തില്‍ മേയര്‍ സൗമിനി ജെയിന്‍ ജനങ്ങളോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് എഴുതി നല്‍കി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മേയറെ ഉപരോധിച്ചു. റോ റോ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ച് ചേര്‍ത്ത കൗണ്‍സില്‍ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്.
യോഗം അവസാനിച്ച് ചോംബറിലേക്ക് പോയ മേയറെ പ്രതിപക്ഷം ഉപരോധിച്ചു. തുടര്‍ന്ന് മേയറെ മുറിയില്‍ പൂട്ടിയിടുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങി. റോ റോ സംഭവത്തില്‍  സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ തല്‍സ്ഥാനത്ത് നിന്ന് മാറി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം റോ റോ വിഷയത്തെ ന്യായീകരിച്ച ഡെപ്യൂട്ടി മേയര്‍ ടി ജെ  വിനോദും സ്ഥിരം സമിതി അധ്യക്ഷന്‍ എ ബി സാബുവും സംസാരിച്ചത് കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി.
എംഒയുവിലെ സമ്മതപത്രം സംബന്ധിച്ച കാര്യങ്ങള്‍ എ ബി സാബു വിവരിച്ചതാണ് ബഹളത്തിനിടയാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ റോ റോയില്‍ ഭരണപക്ഷത്തിന് വീഴ്ച്ചകള്‍ സംഭവിച്ചതായി ഡെപ്യൂട്ടി മേയര്‍ സമ്മതിക്കുകയും ചെയ്തു. റോ റോ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം കൗണ്‍സിലില്‍ ഉന്നയിച്ചത്.
വേണ്ടത്ര സുരക്ഷാ രേഖകള്‍ ഇല്ലാതെ ജങ്കാര്‍ മുഖ്യമന്ത്രിയെകൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു, ജെട്ടി പണിയാന്‍ 73 ലക്ഷം രൂപ അധികമായി പോര്‍ട്ട് ട്രസ്റ്റിന് നല്‍കി, നടത്തിപ്പുകാരായ കെഎസ്‌ഐഎന്‍സിയുമായി തിരക്കിട്ട് കരാറില്‍ ഏര്‍പ്പെട്ടു, കെഎസ്്‌ഐഎന്‍സിയുടെ ഡ്രൈവര്‍മാര്‍ക്ക് വേണ്ട രീതിയില്‍ പരിശീലനം നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു.
ഭരണകര്‍ത്താക്കളുടെ നിരുത്തരവാദപരമായ പിടിപ്പുകേടിന്റെ പ്രത്യക്ഷ ഉദാഹരണമാണ് റോ റോയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. മേയര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായ ഉത്തരവാദിത്തമില്ല. നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് ഒരു അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. മേയര്‍ പൊതുജനങ്ങളോട് മാപ്പു പറയണമെന്നും കെ ജെ ആന്റണി പറഞ്ഞു.
ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ മേയര്‍ വ്യാജമായ രേഖകള്‍ ചമച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി പി ചന്ദ്രന്‍ പറഞ്ഞു.
ഏപ്രില്‍ 20നും 25നും കെഎസ്‌ഐഎന്‍സിയ്ക്ക് എഴുതിയ കത്തുകളില്‍ മേയര്‍ക്ക് വേണ്ടി ഒപ്പിട്ടിരിക്കുന്നത് സെക്രട്ടറിയാണ്. ഈ കത്തുകള്‍ യഥാര്‍ത്ഥത്തില്‍ കൈമാറിയിട്ടുണ്ടോ എന്നു്പരിശോധിക്കണമെന്നും ചന്ദ്രന്‍ പറഞ്ഞു.
ട്രയല്‍ റണ്‍ നടത്തി തൃപ്തി പ്രകടിപ്പിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ഫയലില്‍ ഇല്ലെന്ന് കൗണ്‍സിലര്‍ സി കെ പീറ്റര്‍ പറഞ്ഞു. 16 കോടി രൂപയുടെ വെസല്‍ കൈമാറാന്‍ വെള്ളക്കടലാസിലാണ് എംഒയു തയ്യാറാക്കിയത്. മാത്രമല്ല ഇതില്‍ കാണിച്ചിരിക്കുന്ന നിരക്കുകള്‍ വെട്ടി തിരിത്തിയവയാണെന്നും പീറ്റര്‍ പറഞ്ഞു. കൊച്ചിക്കാര്‍ വളരെ ആകാംഷയോടെ നോക്കി കണ്ട റോ റോ വിഷയത്തില്‍ നഗരസഭ അമ്പേ പരാജയപ്പെട്ടതായി ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു പറഞ്ഞു.

RELATED STORIES

Share it
Top