കൗണ്‍സിലറെ മണിക്കൂറുകളോളം തടഞ്ഞു വെച്ചു

കോഴിക്കോട്: വാര്‍ഡില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നാരോപിച്ച് നഗരസഭ കൗണ്‍സിലറെ നാലു മണിക്കൂറോളം തടഞ്ഞു വെച്ചു. മൂന്നാലിങ്ങല്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യുവിനെയാണ് വെള്ളയില്‍ ജിയുപി സ്‌കൂളില്‍ നടന്ന വാര്‍ഡ് സഭയില്‍ ഒരു വിഭാഗം ആളുകള്‍ തടഞ്ഞുവെച്ചത്.
ബുധനാഴ്ച്ച വൈകീട്ട് നാലോടെയായിരുന്നു യോഗം. പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനിടെ ചിലര്‍ കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്ത പല പദ്ധതികളും ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ മറ്റു ചിലരും റോഡ് തകര്‍ന്നതും തെരുവ് വിളക്കുകള്‍ കത്താത്തതും മാലിന്യ പ്രശ്‌നവും അടക്കം പറഞ്ഞ് രംഗത്തെത്തി. വികസനവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ നല്‍കുന്ന ഉറപ്പ് ഇതുവരെ പാലിക്കുന്നില്ലെന്നും നഗരസഭ പ്രദേശത്തെ പൂര്‍ണമായും അവഗണിക്കുകയാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് വാര്‍ഡിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെട്ടവരില്‍ നിന്ന് ഉറപ്പ് ലഭിക്കാതെ കൗണ്‍സിലറെ പോകാന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ് സ്ഥലത്തെതി റോഡ് അറ്റകുറ്റപണി നടത്താമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രശ്—നം അവസാനിച്ചത്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി വ്യാഴാഴ്ച ഉച്ചയ്ക്ക് മേയറുടെ ചേംബറില്‍ യോഗം വിളിച്ചിട്ടുണ്ടെന്ന് ബാബുരാജ് പറഞ്ഞു. അതേ സമയം സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് തോമസ് മാത്യു പറഞ്ഞു.
RELATED STORIES

Share it
Top